കട്ടപ്പന: അടിമാലി- കുമളി ദേശീയ പാതയുടെ ഭാഗമായ കട്ടപ്പന ചെറുതോണി റോഡിൽ പുലർച്ചയോടെ മണ്ണിടിഞ്ഞു വീണു. റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ മണ്ണ് നീക്കം ചെയ്തിരുന്നു. ആ സ്ഥലത്താണ് ഭീമമായി മണ്ണിടിഞ്ഞിരിക്കുന്നത്. മണ്ണിടിഞ്ഞതിന് മുകൾ ഭാഗത്തായി മൂന്നോളം വീടുകളുണ്ട്. വത്സമ്മ പൂവക്കുന്നേൽ, ഷിജി പാറക്കൽ, ബാബു ചിലമ്പിൽ എന്നിവരുടെ വീടുകളാണ് അപകടഭീഷണിയിൽ ഉള്ളത്. സംസ്ഥാന പാതയിലേക്ക് മണ്ണിടിഞ്ഞുവീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. രാവിലെ ഒമ്പതിന് ഭാഗികമായി വാഹനങ്ങൾ കടന്നുപോയിരുന്നെങ്കിലും മണ്ണ് നീക്കം ചെയ്യാൻ താമസമുണ്ടായത് പ്രതിഷേധത്തിനും കാരണമായി. മണ്ണിടിഞ്ഞതോടെ വൈദ്യുതി ലൈനുകൾക്ക് തകരാറുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധവും ഇന്റർനെറ്റ് ബന്ധവും പലയിടങ്ങളിലും തടസപ്പെടുകയും ചെയ്തു. കാഞ്ചിയാർ അഞ്ചുരുളിയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. തിങ്കൾ രാത്രിയിൽ 11:30 തോടെയാണ് അഞ്ചുരുളി റോഡിൽ ഭാസി വളവിന് സമീപം മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.

പതിപ്പള്ളിയിൽ ബിനോയുടെ വീടിനു എതിർവശത്ത് റോഡിന് മുകൾഭാഗത്തായി നിലകൊണ്ടിരുന്ന മൺഭിത്തിയാണ് ഇടിഞ്ഞു വീണത് . ഇടിഞ്ഞു വന്ന മണ്ണ് വീടിന് സമീപത്തുകൂടി കൃഷിയിടത്തിലേക്ക് ഒലിച്ചു പോയതിനാൽ വലിയൊരു ദുരന്തം തന്നെയാണ് വഴി മാറിയത്. ഉരുൾപൊട്ടലിന് സമാനമായി മണ്ണും വെള്ളവും ഒലിച്ചിറങ്ങിയതോടെ ബിനോയിക്ക് വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ഏലം ഉൾപ്പെടെയുള്ള കൃഷികളാണ് ഒലിച്ചു പോയിരിക്കുന്നത്.
മണ്ണിടിഞ്ഞതോടെ അഞ്ചുരുളി കക്കാട്ടുകട റോഡിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു. മണ്ണിടിഞ്ഞതിന് മറുവശത്തുള്ള ജനങ്ങൾ ഒറ്റപ്പെട്ട സാഹചര്യവും ഉണ്ടായി. കാഞ്ചിയാർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മണ്ണ് മാറ്റുന്നതിനുന്നുള്ള നടപടികൾ സ്വീകരിച്ച് രാവിലെ 11ന് ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ പാതയിൽ വിവിധ ഇടങ്ങളിൽ ഉറവകൾ ശക്തമായതും നീർചാലുകളിൽ നീരൊഴുക്ക് വർദ്ധിച്ചതും കൂടുതൽ ഭീഷണി ഉയർത്തുകയാണ്.