കുമളി: റോസാപ്പൂക്കണ്ടം കോളനിയിൽ ഓടയ്ക്ക് കുറുകെ ഇട്ടിരുന്ന കോൺക്രീറ്റ് സ്ളാബ് തകർന്നു. മാലിന്യം നിറഞ്ഞ വെള്ളമൊഴുകുന്ന ഓടയ്ക്ക് കുറുകെ ഏഴടിയോളം നീളത്തിലും നാലടി വീതിയിലുമാണ് സ്ളാബുകൾ പാകിയത്. സ്ളാബിന്റെ കനം കേവലം മൂന്ന് ഇഞ്ച് പോലും ഇല്ല. സ്ളാബിനുള്ളിൽ നീളത്തിൽ മൂന്ന് കമ്പികൾ മാത്രം. കമ്പികൾ തമ്മിൽ സാധാരണ സ്ളാബുകൾക്കുള്ളതുപോലെ യാതൊരു ബന്ധവും ഇല്ല. സ്ളാബിന്റെ കനം കുറഞ്ഞതും കമ്പികൾ തമ്മിൽ ബന്ധിപ്പിക്കാത്തതും തകർച്ചയ്ക്ക് കാരണമായി. മിക്ക സ്ളാബുകളും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടുള്ളത്.
സ്ലാബ് നിർമ്മിച്ച കാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് കനം കുറഞ്ഞ സ്ലാബ് നിർമ്മാണം നടന്നതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളും മുതിർന്നവരുമായി അനേകം ആളുകൾ സഞ്ചരിക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര അപകടകരമായിരിക്കുകയാണ്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.