തൊടുപുഴ: കനത്ത മഴയിൽ തൊമ്മൻകുത്ത് പുഴയിൽ വെള്ളം ഉയർന്ന് മണ്ണുക്കാട് ചപ്പാത്ത് മൂടിയതോടെ മൃതസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനായി ബന്ധുക്കളെയും കർമിയെയും മറുകരെ എത്തിക്കുന്നതിന് ഫയർഫോഴ്‌സിന്റെ സേവനം. തൊമ്മൻകുത്ത് മണ്ണൂക്കാട് ഭാഗത്ത് താമസിക്കുന്ന നോമ്പയിൽ പാലന്റെ (95) സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് നിറഞ്ഞ് ഒഴുകുന്ന തൊമ്മൻകുത്ത് പുഴ മുറിച്ചു കടക്കാൻ ഫയർഫോഴ്‌സിന്റെ സേവനം ആവശ്യപ്പെട്ടത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സ് സ്‌കൂബ ടീം എത്തി ഇവരുടെ വള്ളത്തിൽ ബന്ധുക്കളെയും കർമിയെയും അക്കരെ എത്തിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് പാലൻ മരിച്ചത്. ഇവിടേക്കുള്ള ചപ്പാത്ത് മൂടിയതിനാൽ വാഹനം മറുകരെ എത്തിക്കാനും ബന്ധുക്കൾക്കായില്ല. അസി. സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ ഫയർഓഫീസർമാരായ ടി.കെ. വിവേക്, കെ.എസ്. അബ്ദുൽ നാസർ, എം.പി. ബെന്നി എന്നിവർ പങ്കെടുത്തു.