തൊടുപുഴ: നഗരസഭയിലെ ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 78.14 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണി പിന്നിടുമ്പോഴും വോട്ടർമാരുടെ നീണ്ട ദൃശ്യമായിരുന്നു. കനത്ത മഴ അവഗണിച്ചും വോട്ടർമാർ മുതലക്കോടം സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ പോളിങ് സ്റ്റേഷനിലേക്ക് ഒഴുകിയെത്തി. ആദ്യ മൂന്ന് മണിക്കൂറിൽ മുന്നൂറോളം പേർ വോട്ട് ചെയ്യാനെത്തി. 10 മണിയോടെ മഴയുടെ ശക്തി കുറഞ്ഞതോടെ വോട്ടർമാരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. ഉച്ചയ്ക്ക് മുമ്പ് തന്നെ ബൂത്തിന് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഒരു പോളിംഗ് ബൂത്ത് മാത്രമുണ്ടായിരുന്നത് വോട്ടിംഗ് വൈകാൻ കാരണമായി. തിരക്ക് മൂലം മൂന്ന് വട്ടം വീട്ടിൽ പോയി മടങ്ങി വരേണ്ട സാഹചര്യമായിരുന്നെന്ന് വോട്ടർമാർ പരാതിപ്പെട്ടു. തികച്ചും സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്. ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ ബൂത്തിലെത്തി നടപടിക്രമങ്ങൾ വിലയിരുത്തി. വിവിധ മുന്നണികളുടെ ജില്ലാ, പ്രാദേശിക നേതാക്കൾ സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആകെ 1282 വോട്ടർമാരുള്ളതിൽ 1001 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. യു.ഡി.എഫ് സ്വതന്ത്രനായി ജോർജ്ജ് ജോൺ കൊച്ചുപറമ്പിൽ, എൽ.ഡി.എഫ് സ്വതന്ത്രനായി ബാബു ജോർജ്ജ്, എൻ.ഡി.എ സ്ഥാനാർത്ഥിയായി രാജേഷ് പൂവാശേരിൽ, ആം ആദ്മി പാർട്ടിയുടെ റൂബി വർഗീസ് എന്നിവരാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് രാവിലെ 10ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് എൽ.ഡി.എഫിലേക്ക് കൂറുമാറിയ ജെസി ജോണിയെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

2020ലെ വോട്ടുനില

യു.ഡി.എഫ്- 592,

എൽ.ഡി.എഫ്- 158

ബി.ജെ.പി- 210

ഫലം നിർണായകം

നിലവിലെ സാഹചര്യത്തിൽ നഗരസഭാ ഭരണം നിലനിർത്താൻ ഇടത് മുന്നണിക്കും ഭരണം തിരികെപ്പിടിക്കാൻ യു.ഡി.എഫിനും ഒമ്പതാം വാർഡിലെ വിജയം അനിവാര്യമാണ്. എന്നാൽ വാർഡ് പിടിച്ചെടുക്കാൻ ബി.ജെ.പിയും ആംആദ്മിയും കടുത്ത വെല്ലുവിളി ഉയർത്തിയതോടെ മത്സരം തീ പാറുന്ന പോരാട്ടമായി മാറി. വോട്ടിംഗ് ശതമാനം ഉയർന്നത് വിജയ പ്രതീക്ഷ നൽകുന്നുവെന്ന് നാല് സ്ഥാനാർത്ഥികളും പ്രതികരിച്ചു.