pettimudi

നിനച്ചിരിക്കാതെ പ്രകൃതി കലിതുള്ളിയപ്പോൾ, ഒറ്റ രാത്രികൊണ്ട് ജീവിതം കടപുഴകിപ്പോയവർ വയനാട്ടിലെ പോലെ മൂന്നാർ പെട്ടിമുടിയിലുമുണ്ടായിരുന്നു. ആനമുടിയുടെ മടിത്തട്ടിലെ മനോഹര താഴ്‌വാരമായിരുന്നു 2020 ആഗസ്റ്റ് ആറ് രാത്രി വരെ പെട്ടിമുടി. എന്നാൽ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം തകർന്നടിഞ്ഞത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് ഇടിത്തീ പോലെയാണ് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്. കുത്തിയൊഴുകിയെത്തിയ മണ്ണിലും ചെളിയിലുംപെട്ട അവരുടെ വിലാപം ആരും കേട്ടില്ല. പിഞ്ചു കുട്ടികളും ഗർഭിണികളടക്കമുള്ള സ്ത്രീകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. രാവിലെ ആദിവാസികളും മറ്റ് തോട്ടം തൊഴിലാളികളും ചേർന്ന് കൈ കൊണ്ട് മണ്ണ് മാന്തിയാണ് 12 പേരെ രക്ഷപ്പെടുത്തിയത്. കേരളത്തെ നടുക്കിയ ദുരന്തമുണ്ടായിട്ട് ഈ ആറിന് നൂറുദിനം തികയും. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ വനാതിർത്തിയിൽപ്പെട്ട പ്രദേശത്തു നിന്നാണ് ഉരുൾപൊട്ടിയെത്തിയത്. അവിടെ നിന്ന് രണ്ടു കിലോമീറ്റർ താഴേയ്ക്ക് പതിച്ചാണ് അത് പെട്ടിമുടിയെ ദുരന്തഭൂമിയാക്കിയത്. ഇരവികുളം ദേശീയ ഉദ്യാനത്തിനു താഴെ കെ.ഡി.എച്ച്.പി കമ്പനിയുടെ തേയില തോട്ടങ്ങളാണ്. ഇതിനും താഴെയാണ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ. മുകളിൽ നിന്നും തോട്ടത്തിലൂടെ കടന്നുപോകുന്ന നീർച്ചാലുണ്ട്. ഇത് ലയങ്ങൾക്ക് സമീപത്തുകൂടെ പോയി താഴെ പെട്ടിമുടി പുഴയിലാണ് ചേരുന്നത്. ദുരന്തത്തിന് മുമ്പുള്ള നാലു ദിവസം തുടർച്ചയായി വനത്തിലും തേയില തോട്ടത്തിലും ശക്തമായ മഴയായിരുന്നു. വ്യാഴാഴ്ച രാത്രി ഈ നീർച്ചാൽ വഴിയാണ് ഉരുൾപൊട്ടി താഴേക്കൊഴുകിയത്. മലമുകളിൽ നിന്നൊഴുകിയ കല്ലും മണ്ണും വെള്ളവും ഈ നീർച്ചാലിനെ ലയങ്ങൾക്കു മുകളിലൂടെ കണ്ണീർ പുഴയായി ഒഴുക്കി. കെട്ടിടഭാഗങ്ങളും മണ്ണുമെല്ലാം താഴെ പുഴയിലേക്ക് പതിച്ചു. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി.

പുറംലോകമറിയാൻ വൈകി

നല്ല മഴയും തണുപ്പുമായതിനാൽ പെട്ടിമുടി ലയത്തിലുള്ളവർ രാത്രി ആഹാരം കഴിച്ചതിന് ശേഷം നേരത്തെ തന്നെ ഉറക്കം പിടിച്ചിരുന്നു. രാത്രി വലിയൊരു മുഴക്കത്തോടെ ഉരുൾ അവരുടെ ജീവിതങ്ങൾക്ക് മുകളിലേക്ക് പാഞ്ഞെത്തി. പക്ഷേ, ഈ വിവരം പുറം ലോകമറിയാൻ ഒമ്പത് മണിക്കൂർ വേണ്ടി വന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും പിന്നെയും രണ്ട് മണിക്കൂർ പിന്നിട്ടു. വ്യാഴാഴ്ച രാത്രി 10.45 ന് നടന്ന അപകടം അധികൃതർ അറിയുന്നത് പിറ്റേന്ന് രാവിലെ എട്ടു മണിക്കാണ്. രക്ഷാപ്രവർത്തനം വൈകാനും ഇത് കാരണമായി. പൊലീസ്, റവന്യൂ അധികൃതർ അവിടെ എത്തുമ്പോഴേക്കും പത്തു മണി പിന്നിട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മഴ തുടരുന്നതിനാൽ പെട്ടിമുടി ഉൾപ്പെടുന്ന രാജമല മേഖലയിൽ വൈദ്യുതിയില്ലായിരുന്നു. ഫോൺ അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങളും അതിനാൽ തടസപ്പെട്ട നിലയിലായിരുന്നു. ടാറ്റായുടെ കീഴിലുള്ള കെ.ഡി.എച്ച്.പി കമ്പനിയുടെ ഫീൽഡ് ഓഫീസർ പതിവ് സന്ദർശനത്തിനിറങ്ങിയപ്പോഴാണ് പെട്ടിമല ദുരന്തഭൂമിയായി മാറിയത് കണ്ടത്. ഉടൻ തന്നെ മൂന്നാറിലെത്തി പൊലീസ് സ്റ്റേഷനിലും കമ്പനി അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് പൊലീസും വനംവകുപ്പ് ജീവനക്കാരും ദുർഘടമായ പാതയിലൂടെ അവിടെയെത്തുമ്പോഴേക്കും എല്ലാം വൈകിയിരുന്നു.

ആദ്യമെത്തിയത്

തോട്ടം തൊഴിലാളികൾ

പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം സഹായത്തിന്റെ കരങ്ങൾ നീട്ടിയെത്തിയത് അര കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ മറ്റ് തൊഴിലാളികളാണ്. വൻ ശബ്ദം കേട്ടാണ് ഇവർ ഓടിയെത്തുന്നത്. അപ്പോഴേക്കും തങ്ങളുടെ ബന്ധുക്കളും സഹപ്രവർത്തകരുമായവർ മണ്ണിനടിയിൽ പെട്ടിരുന്നു. പുതഞ്ഞു പോകുന്ന മണ്ണിലേക്ക് ആദ്യമിറങ്ങാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ അവർക്ക് കാത്തിരിക്കേണ്ടി വന്നു. വെട്ടം വീണതിനു ശേഷം രാവിലെ ആറ് മണിയോടെയാണ് ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞത്. പാതി ശരീരം മണ്ണിനടിയിലായി പോയ രണ്ടു പേരെ രക്ഷിച്ചെടുത്തതും ഇവരായിരുന്നു. പാലം തകർന്നത് തടസമായി മൂന്നാറിൽ നിന്നും മറയൂരിലേക്കുള്ള റോഡിൽ മൂന്നാർ ടൗണിന് സമീപം മുതിരപ്പുഴയാറിന് കുറുകെയുള്ള പെരിയവരയിലെ താത്കാലിക പാലം കഴിഞ്ഞ ദിവസം തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പാലം കടന്ന് മറയൂർ റൂട്ടിൽ അഞ്ചാംമൈലിൽ നിന്ന് തിരിഞ്ഞ് ഇടമലക്കുടിയിലേക്ക് പോകുന്ന പാതയിലാണ് പെട്ടിമുടി. പാലം തകർന്നതിനാൽ തന്നെ രക്ഷാപ്രവർത്തകർക്കും അഗ്നി രക്ഷാ സേനയ്ക്കും മുതിരപ്പുഴയാർ കടന്ന് പെട്ടിമുടിയിലേക്ക് പോകാനായില്ല. ആംബുലൻസ് അടക്കമുള്ളവയും എത്തിക്കാനായില്ല.

പരിമിതമായ സൗകര്യങ്ങൾ

പുതുതായി പണിയുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെ നിന്നുള്ള പരിമിത സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. പരിക്കേറ്റവരെ ജീപ്പിലെത്തിച്ച് പാലത്തിന് മറുകരയിലേക്ക് ചുമന്ന് കൊണ്ടുവന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പാലത്തിന് ഇപ്പുറത്ത് മൂന്നാർ ഭാഗത്ത് ആംബുലൻസുകൾ ഇതിനായി ഒരുക്കി നിറുത്തിയിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും മറുകരയെത്താൻ ബുദ്ധിമുട്ടി. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. ആദ്യം ദുരന്തത്തിൽ അകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപ്പെടുത്താനായി. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശിയ ദുരന്ത നിവാരണ സേനയും ചേർന്നതോടെ തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമായി. അവസാന ദിനങ്ങളിൽ ഏറ്റവും ദുർഘടമായ പെട്ടിമുടി പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. പുഴയിലൂടെ ഒഴുകി പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ നിന്ന് വരെ കണ്ടെത്തി. 19 ദിവസം നീണ്ട തിരച്ചിലിൽ ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്‌കരിച്ചത്. കണ്ടെത്താനാകാത്ത നാല് പേരും മരിച്ചതായി സർക്കാർ ഉത്തരവിറക്കി. അഗ്നിരക്ഷാ സേന, ദേശീയ ദുരന്തനിവാരണസേന, സന്നദ്ധ പ്രവർത്തകർ, സാഹസിക സംഘം, വനം, പൊലീസ്, റവന്യു പഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി കമ്പനി, പ്രദേശവാസികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി അഞ്ചൂറിലേറെ പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. റഡാർ, ഡോഗ് സ്‌ക്വാഡ് അടക്കം സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.

മറക്കാനാകില്ല ഈ മിണ്ടാപ്രാണികളെ

മനുഷ്യനും വളർത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും അവിസ്മരണീയമായ മുഹൂർത്തങ്ങൾക്കും പെട്ടിമുടി സാക്ഷിയായി. അതിൽ എടുത്ത് പറയേണ്ടത് കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായയെക്കുറിച്ചാണ്. പിന്നീട് ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതോടെ കുവി താരമായി. കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം മാത്രം പ്രായമുള്ള ലില്ലി മണ്ണിനടിയിൽ നിന്ന് 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയുടെ സേവനവും വലുതായിരുന്നു.