തൊടുപുഴ: വയനാട്ടിൽ ദുരന്തത്തിനിരയായവർക്ക് എട്ട് ബസുകളിലെ മൂന്ന് ദിവസത്തെ കളക്ഷൻ സഹായമായി നൽകാൻ തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എ.എസ്.കെ ട്രാൻസ്‌പോർട്ട്. ഇന്നലെ മുതൽ തുടങ്ങിയ ഫണ്ട് ശേഖരണം ഇന്നും നാളെയും തുടരും. തൊടുപുഴയിൽ നിന്ന് പെരിങ്ങാശേരി, അമയപ്ര, ചെപ്പുകുളം, മലയിഞ്ചി മേഖലകളിലേയ്ക്ക് സർവീസ് നടത്തുന്ന അയാൻ, എ.എസ്.കെ എന്നീ ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷനാണ് ദുരിതാശ്വാസത്തിനായി നൽകുന്നത്. ദിവസേന എട്ടു ബസുകളിൽ നിന്നും അരലക്ഷത്തോളം രൂപയാണ് ഇന്ധനം ഉൾപ്പെടെയുള്ള ചെലവു കഴിച്ച് ലഭിച്ചിരുന്നത്. ബസ് ജീവനക്കാർ തങ്ങളുടെ വേതനം ഉപേക്ഷിച്ചാണ് യാത്രക്കാരിൽ നിന്ന് ധനസമാഹരണം നടത്തുന്നത്. ജീവനക്കാർ കൊണ്ടു വരുന്ന ബക്കറ്റുകളിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ഭക്ഷണാവശ്യത്തിനുള്ള പണം പോലും ഇതിൽ നിന്നെടുക്കരുതെന്ന് ബസുടമകൾ നിർദേശിച്ചിട്ടുണ്ട്. ഉടമകളാണ് ഇതിനാവശ്യമായ പണം ജീവനക്കാർക്ക് നൽകുന്നത്. ടിക്കറ്റ് നൽകാതെ ബക്കറ്റുമായാണ് ജിവനക്കാർ യാത്രക്കാർക്കരികിലെത്തുന്നത്. യാത്രക്കാരും തങ്ങളാൽ കഴിയും വിധം ഈ ഉദ്യമത്തിൽ പങ്കു ചേരുന്നുണ്ട്. ധനസമാഹരണത്തിനു പുറമെ ദുരിത മേഖലകളിലേയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവർ സമാഹരിക്കുന്നുണ്ട്. വസ്ത്രങ്ങളുൾപ്പെടെയുള്ളവ നൽകാൻ തയാറുള്ളവർ വിവരമറിയിച്ചാൽ വാഹനത്തിലെത്തി ഇതേറ്റു വാങ്ങും. മങ്ങാട്ടുകവലയിലെ ഇവരുടെ ഓഫീസിൽ കളക്ഷൻ സെന്ററും തുറന്നിട്ടുണ്ട്. കളക്ടു ചെയ്യുന്ന തുകയും മറ്റ് സാധനങ്ങളും ദുരിതബാധിതമേഖലയിലെത്തിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.
2018ലെ പ്രളയകാലത്തും ധനസമാഹരണം നടത്തി സഹായമെത്തിച്ചതിനു പുറമെ വീടുകൾ വൃത്തിയാക്കാൻ വാഹനങ്ങളും ജീവനക്കാരെയും ഇവർ വിട്ടു നൽകിയിരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും ദുരിത ബാധിത മേഖലയിൽ സഹായമെത്തിച്ചു. കൊവിഡ് കാലത്ത് രോഗബാധിതരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും എത്തിക്കുന്നതിന് വാഹനങ്ങൾ വിട്ടു നൽകിയും മാതൃകാപരമായ പ്രവർത്തനമാണ് ഇവർ നടത്തിയത്. ദുരിതം വിതച്ച മേഖലകളിൽ സഹായമെത്തിക്കാനായി എല്ലാവരും തയ്യാറാകണമെന്നാണ് ബസുടമകളായ എ.എസ്.കെ അബ്ബാസ്, മുഹമ്മദ് സാഹിബ്, സുലൈമാൻ സാഹിബ് എന്നിവരുടെ അഭ്യർത്ഥന.