കട്ടപ്പന :മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വീതി കൂട്ടിയതിനെ തുടർന്ന് ആലടിയിൽ മണ്ണിടിഞ്ഞ് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ 11 നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് സംസ്ഥാന പാതയിൽ പരപ്പിനും ആലടിക്കും ഇടയിൽ ഗതാഗതം നിരോധിച്ചു. മേരികുളം - കൂരാമ്പാറ- ആലടി റൂട്ടിലാണ് വാഹനങ്ങൾ വഴി തിരിച്ചു വിട്ടത്. കുണ്ടും കുഴിയും വെള്ളക്കെട്ടുമായി തകർന്നു കിടക്കുന്ന ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാണ്. ഇപ്പോൾ മണ്ണിടിഞ്ഞ സ്ഥലത്ത് രണ്ടാഴ്ച മുൻപ് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് ഗതാഗതം നിരോധിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഗതാഗതം പുനരാരംഭിച്ചത്. വീതി കൂട്ടുന്ന പണികൾ നടത്തുന്നതിന് മൂന്നു മാസം മുൻപും ഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ അന്ന് കാര്യമായ പണികൾ ചെയ്തില്ല. ഗതാഗതം തിരിച്ചു വിട്ട റോഡ് തകരുകയും പണികൾ നടക്കാതിരിക്കുകയും, ചെയ്തത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് റോഡ് തുറന്നു കൊടുക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.. ഹൈവേ നിർമാണത്തിൽ പൊതു മരാമത്ത് വകുപ്പിന്റെ യാതൊരു മേൽനോട്ടവും ഉണ്ടാകുന്നില്ല എന്നും ആക്ഷേപമുണ്ട്.