തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞെങ്കിലും കെടുതികൾ അവസാനിക്കുന്നില്ല. മഴയിലും കാറ്റിലും ഒരു വീട് പൂർണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മാട്ടുപ്പെട്ടി കുറ്ര്യാർവാലിയിൽ മൺതിട്ടയിടിഞ്ഞ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആലടിയിൽ മണ്ണിടിഞ്ഞ് കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി. മൂന്നാർ- ഗ്യാപ്പ് റോഡിൽ ചൊവ്വാഴ്ച രാത്രിയും മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ ഏക ഗോത്രവർഗപഞ്ചായത്തായ ഇടമലക്കുടി ഇപ്പോഴും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. പെട്ടിമുടിയിൽ നിന്ന് സൊസൈറ്റിക്കുടിയിലേക്കുള്ള റോഡിൽ ബസാർ ഭാഗത്തുള്ള പാലം തകർന്നതോടെയാണ് മേഖലയിലുള്ളവർക്ക് പുറംലോകത്തെത്താൻ വഴിയില്ലാതായത്. ഇന്നലെയും ജില്ലയിലെമ്പാടും പലയിടങ്ങളിലും മരം ലൈനിൽ വീണും പോസ്റ്റ് കടപുഴകിയും വൈദ്യുതി മുടങ്ങി. മരം വീണ് നിരവധിയിടങ്ങളിൽ ഗതാഗതം മുടങ്ങി. ഫയർഫോഴ്‌സെത്തിയാണ് മരംമുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. അലർട്ടുകൾ പിൻവലിക്കുന്നത് വരെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്. മലയോരമേഖലയിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെയാണ് രാത്രിയാത്രാ നിരോധനം. ഖനന പ്രവർത്തനങ്ങൾക്കും മണ്ണെടുപ്പിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. തോട്ടം, തൊഴിലുറപ്പ്, റോഡ് നിർമ്മാണം തുടങ്ങിയ ജോലികൾ നിറുത്താനും ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 24.06 മില്ലിമീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൂന്നാർ ഉൾപ്പെടുന്ന ഇടുക്കി താലൂക്കിലാണ് 37.8 മില്ലി മീറ്റർ.
ഡാമുകളിൽ
ജലനിരപ്പുയരുന്നു
വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നു. 2363.62 അടിയാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മൂന്നടിയിലേറെയാണ് ജലനിരപ്പ് ഉയർന്നത്. പരമാവധി സംഭരണശേഷിയുടെ 57.8 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. സമുദ്രനിരപ്പിൽ നിന്നുള്ള അളവാണിത്. നിലവിലെ റൂൾകർവ് പ്രകാരം 2372.58 അടിയെത്തിയാൽ ഡാമിൽ ബ്ലൂ അലർട്ട്
പ്രഖ്യാപിക്കും. അതിന് ഇനി ഒമ്പത് അടിയിൽ താഴെ മാത്രം ജലനിരപ്പ് ഉയർന്നാൽ മതി. 2378.58 അടിയെത്തുമ്പോൾ ഓറഞ്ച് അലർട്ടാകും. 2379.58 അടിയെത്തുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ച് ഡാം തുറക്കാനുള്ള നടപടികൾ ആരംഭിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ആറിന് 130.4 അടിയാണ്. അണക്കെട്ടിലേക്ക് സെക്കന്റിൽ 5339 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്.തമിഴ്നാട് സെക്കൻഡിൽ 1311 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇന്നലെ രാവിലെ വരെ അണക്കെട്ടിൽ 33.8 മില്ലീമീറ്ററും തേക്കടിയിൽ 22.4 മില്ലീമീറ്ററും മഴ പെയ്തു.
ക്യാമ്പുകൾ അഞ്ചായി
നിലവിലുള്ള നാല് ദുരിതാശ്വാസ ക്യാമ്പുകൾ കൂടാതെ അടിമാലി എസ്.എൻ.ഡി.പി സ്കൂളിൽ കൂടി ക്യാമ്പ് തുറന്നു. ഇവിടെ അഞ്ച് പേരടങ്ങുന്ന ഒരു കുടുംബമാണ് കഴിയുന്നത്. ഇതടക്കം മൂന്നാർ മൗണ്ട് കാർമ്മൽ ചർച്ച് ഓഡിറ്റോറിയം, ഗവ. ഹൈസ്‌കൂൾ ചിത്തിരപുരം, ഖജനാപ്പാറ ഗവ. എച്ച്.എസ്.എസ്, പാറത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലായി 37 കുടുംബങ്ങളിലെ 114 പേരെ പാർപ്പിച്ചിട്ടുണ്ട്.
മഴയുടെ അളവ്
ഉടുമ്പഞ്ചോല- 20.1 മില്ലി മീറ്റർ
ദേവികുളം- 24.8
പീരുമേട്- 22.8
ഇടുക്കി- 37.8
തൊടുപുഴ- 14.8