തൊടുപുഴ: കോരിച്ചൊരിയുന്ന മഴയിലും പ്രസിദ്ധമായ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഔഷധപുണ്യം നുകർന്നത് നാല്പതിനായിരത്തിലേറെ പേർ. ശക്തമായ മഴയായതിനാൽ മലബാർ മേഖലയിൽ നിന്നടക്കമുള്ള ഭക്തർക്ക് എത്തിപ്പെടാൻ സാധിച്ചില്ല. ഇത്കാരണം കഴിഞ്ഞ തവണത്തേക്കാൾ അയ്യായിരത്തോളം പേർ കുറഞ്ഞു. രാവിലെ അഞ്ചുമുതൽ പകൽ 1.30 വരെയായിരുന്നു ഔഷധസേവ. ഇത്തവണ ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ നടപ്പന്തലിലാണ് ഔഷധം വിതരണം ചെയ്തത്. എല്ലാവർക്കും കർക്കിടക കഞ്ഞിയും വിതരണം ചെയ്തു. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഔഷധക്കൂട്ട് അരയാലിന്റെ ഇലയിലാണ് വിതരണം ചെയ്തത്. ഒരേസമയം 500 പേർക്ക് ഔഷധം സേവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് മാധവൻ നമ്പൂതിരി പടിഞ്ഞാറേമഠം, പി.കെ.കെ നമ്പൂതരിപ്പാട് പുതുവാമന, ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. രാവിലെ അഞ്ചു മുതൽ തൊടുപുഴയിൽ നിന്ന് ഇടവെട്ടിയിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസും നടത്തിയത് ഭക്തർക്ക് ഉപകാരമായി.