തൊടുപുഴ: ജില്ലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് രണ്ട് സീറ്റിലും എൽ.ഡി.എഫും ബി.ജെ.പിയും ഒരോ സീറ്റിലും വിജയിച്ചു. ഉടുമ്പൻചോല പഞ്ചായത്തിലെ എട്ടാം വാർഡിലാണ് എൽ.ഡി.എഫ് ജയിച്ചത്. തൊടുപുഴ നഗരസഭയിലെ ഒമ്പതാം വാർഡിലും ഇടുക്കി ബ്ലോക്കിൽ തോപ്രാംകുടിയിലും യു.ഡി.എഫ് ജയിച്ചു. അറക്കുളം പഞ്ചായത്തിലെ ആറാം വാർഡിലാണ് ബി.ജെ.പി ജയിച്ചത്.
തൊടുപുഴയിൽ യു.ഡി.എഫിന് കിട്ടിയത് ഭരണം
നഗരസഭ ഒമ്പതാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ജോർജ് ജോൺ കൊച്ചുപറമ്പിൽ 126 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാർത്ഥി രാജേഷ് പൂവാശേരിൽ 264 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോർജ് 263 വോട്ടും ആംആദ്മി പാർട്ടി സ്ഥാനാർത്ഥി റൂബി വർഗീസ് 84 വോട്ടും നേടി. കഴിഞ്ഞ തവണ 392 വോട്ടായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. വോട്ടെണ്ണലിന് സബ് കളക്ടർ ഡോ. അരുൺ എസ്. നായർ നേതൃത്വം നൽകി. ജോർജ് ജോൺ പിന്നീട് കൗൺസിലറായി വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണിയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ലീഗ് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി യു.ഡി.എഫിൽ നിന്ന് കൂറുമാറി എൽ.ഡി.എഫ് പക്ഷത്ത് ചേർന്ന് വൈസ് ചെയർപേഴ്സണായിരുന്നു. തുടർന്ന് യു.ഡി.എഫ് നൽകിയ ഹർജിയെ തുടർന്ന് ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കി. തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 35 അംഗ നഗരസഭയിൽ യു.ഡി.എഫിന്റെ അംഗബലം 13 ആയി. എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ചെയർമാൻ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇങ്ങനെവന്നാൽ എൽ.ഡി.എഫിന് 12 അംഗങ്ങൾ മാത്രമാണ് നിലവിലുള്ളത്. അങ്ങനെ വന്നാൽ യു.ഡി.എഫിന് വിജയം ഉറപ്പിക്കാനാകും. ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജ് എൽ.ഡി.എഫിനൊപ്പം തന്നെ നിന്നാൽ നറുക്കെടുപ്പു വേണ്ടി വരും.
ഇടുക്കി ബ്ലോക്കിൽ ഭരണമാറ്റമുണ്ടായേക്കും
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ തോപ്രാംകുടി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോളി സുനിൽ പുറപ്പന്താനത്ത് വിജയിച്ചു. 739 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരളാ കോൺഗ്രസിന്റെ ഡോളി തോമസ് ജയിച്ചത്. ആകെ പോൾ ചെയ്ത 3683 വോട്ടിൽ 2211 വോട്ടുകൾ ഡോളിക്ക് ലഭിച്ചു. എതിരായി മത്സരിച്ച എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി അനി കെ. ഡാർളിക്ക് 1472 വോട്ടുകൾ ലഭിച്ചു. തോപ്രാംകുടി ഡിവിഷൻ മെമ്പർ സി.പി.ഐയിലെ എ.ജെ. ജോസ്ന വിദേശത്ത് ജോലിക്ക് പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 13 ഡിവിഷനുകളുള്ള ഇടുക്കി ബ്ലോക്കുപഞ്ചായത്തിൽ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് പ്രസിഡന്റായിരുന്ന രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെ നിലവിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റില്ല. കേരളാ കോൺഗ്രസിലെ (എം) സിബിച്ചൻ തോമസാണ് വൈസ് പ്രസിഡന്റ്. നിലവിൽ യു.ഡി.എഫ്- ഏഴ്, എൽ.ഡി.എഫ്- അഞ്ച് എന്നിങ്ങനെയാണ് ബ്ലോക്കിലെ കക്ഷിനില. ഇതോടെ ബ്ലോക്കിൽ ഭരണമാറ്റത്തിന് കളമൊരുങ്ങി. രാജിയെ അയോഗ്യയാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ എൽ.ഡി.എഫ് നിയമനടപടി തുടങ്ങി.
അറക്കുളത്ത് താമര വിരിഞ്ഞു
അറക്കുളം പഞ്ചായത്ത് ആറാം വാർഡായ ജലന്തറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥി വിനീഷ് വിജയന് (ഉത്രാടം കണ്ണൻ) വിജയം. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി അലക്സ് എബ്രഹാം ഇടമലയെയാണ് ഇദ്ദേഹം തോൽപ്പിച്ചത്. എൽ.ഡി.എഫിലെ ടോം ജോസ് കുന്നേൽ ഇവിടെ മൂന്നാം സ്ഥാനത്തായി. 132 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിനീഷ് നേടിയത്. വിനീഷിന് 362 വോട്ടുകളും അലക്സ് ഇടമലയ്ക്ക് 230 വോട്ടുകളും ലഭിച്ചു. ഇടതു സ്ഥാനാർത്ഥിക്ക് 175 വോട്ടുകൾ മാത്രമാണ് കിട്ടിയത്. ഇതോടെ ബി.ജെ.പിയ്ക്ക് ഭരണസമിതിയിൽ രണ്ടംഗങ്ങളാകും. കോൺഗ്രസിന്റെ മൂന്നു സീറ്റുകളിലൊന്നാണ് ബി.ജെ.പി പിടിച്ചെടുത്തത്. മൂലമറ്റത്തെ ഓട്ടോറിക്ഷാ ഡ്രൈവറാണ് വിനീഷ്. 15 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. സി.പി.എം- അഞ്ച്, സി.പി.ഐ- രണ്ട്, കേരളകോൺഗ്രസ്- രണ്ട്, കോൺഗ്രസ്- മൂന്ന്, കോൺഗ്രസ്- വിമതൻ- ഒന്ന്, കേരള കോൺഗ്രസ്- ഒന്ന്, ബി.ജെ.പി- ഒന്ന് എന്നിങ്ങനെയായിരുന്നു മുൻ കക്ഷിനില. ജലന്തറിലെ പഞ്ചായത്തംഗമായ കോൺഗ്രസ് അംഗം ടോമി വാളികുളം ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
പാറത്തോട് ഇടത്തോട്ട് തന്നെ
ഉടുമ്പൻചോല പഞ്ചായത്തിലെ എട്ടാം വാർഡായ പാറത്തോട്ടിൽ സി.പി.എം സ്ഥാനാർത്ഥി യേശുദാസ് രാജപ്പന് വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ ഇ.കെ. ജിനേഷിനെതിരെ 504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യേശുദാസിന്റെ ജയം. 596 വോട്ടാണ് സി.പി.എം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗമായ യേശുദാസിന് ലഭിച്ചത്. ജിനേഷിന് 92 വോട്ടും ലഭിച്ചു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 85.25 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 688 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. നിലവിലെ മെമ്പറായി പി. ദാസ് മാസങ്ങൾക്ക് മുമ്പ് മരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എസ്.സി. സംവരണ വാർഡാണിത്. ഉടുമ്പൻചോല പഞ്ചായത്ത് ഭരണം സി.പി.എമ്മിനാണ്. 14 അംഗ പഞ്ചായത്തിൽ കോൺഗ്രസിന് രണ്ട് അംഗങ്ങളാണുള്ളത്.