രോഗികളെ പരിശോധിക്കാൻ നൂറ് വിദഗ്ധഡോക്ടർമാർ, 150 നഴ്സ്, പാരമെഡിക്കൽ സ്റ്റാഫ്
കാസർകോട്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അക്ഷരാർത്ഥത്തിൽ ഇന്നലെ ഒരു മെഡിക്കൽ കോളേജിന്റെ പ്രതീതിയിലായിരുന്നു. പ്രത്യേകം ചികിത്സാമുറികളും ഫാർമസിയും മൊബൈൽ ലാബുമടക്കം മിക്ക സജ്ജീകരണങ്ങളും സ്കൂളിലും മുറ്റത്തുമായി സജ്ജീകരിച്ചിരുന്നു. 1975 എസ്.എസ്.എൽ.സി ബാച്ച് മേറ്റ്സാണ് അയ്യായിരത്തോളം പേരെ പങ്കെടുപ്പിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കിയത്.
മംഗളൂരു മുതൽ കോഴിക്കോട് വരെയുള്ള നൂറോളം ഡോക്ടർമാരാണ് രോഗികളെ പരിശോധിച്ചത്.നൂറ്റൻപതിലേറെ നഴ്സുമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. അഞ്ഞൂറോളം വളണ്ടിയർമാരും രംഗത്തുണ്ടായിരുന്നു. രാവിലെ ആറു മുതൽ തന്നെ രോഗികൾ എത്തിത്തുടങ്ങിയിരുന്നു. രാവിലെ ഒൻപതിന് ആരംഭിച്ച ക്യാമ്പ് സന്ധ്യ വരെ നീണ്ടു. കാൻസർ രോഗനിർണയമടക്കം മെഡിക്കൽക്യാമ്പിൽ നടന്നു.
75 മേറ്റ്സ് ചെയർമാൻ ടി.എ.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ,ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവർ മുഖ്യാതിഥികളായിരുന്നു.എൻ.എ.അബൂബക്കർ, എ.അബ്ദുൽ റഹ്മാൻ തുടങ്ങിയവരും സംബന്ധിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്സ് മെറിൻ ബെന്നിയെ ടി.എ.ഷാഹുൽ ഹമീദ് ആദരിച്ചു. 75 മേറ്റ്സ് ജനറൽ കൺവീനർ ടി.എ.ഖാലിദ് സ്വാഗതവും ട്രഷറർ എം.എ.അഹമദ് നന്ദിയും പറഞ്ഞു. ക്യാമ്പ് ഡയറക്ടർ ഡോ.ഫിയാസ്, ക്യാമ്പ് കോർഡിനേറ്റർ എം.എ.ലത്തീഫ്, വളണ്ടിയർ ക്യാപ്റ്റൻ കെ.എ.മുഹമ്മദ് ബഷീർ വോളിബാൾ,വാർഡ് കൗൺസിലർ എം.എസ് സക്കരിയ, ഒ.എസ്.എ ജനറൽ സെക്രട്ടറി ടി.എ ഷാഫി പി.എ മജീദ് പള്ളിക്കാൽ,സ്‌കൂൾ പി.ടി.എ പ്രസിഡന്റ് നൗഫൽ തായൽ, എസ്.എം.സി ചെയർമാൻ കെ.എം ഹനീഫ്, പി.സി.സി പ്രസിഡന്റ് ബച്ചി കാർവാർ തുടങ്ങിയവർ നേതൃത്വം നൽകി.