ആനകളിറങ്ങിയത് തുടർച്ചയായ എട്ടാം ദിവസം
പേരാവൂർ: തുടർച്ചയായി എട്ടാം ദിവസവും കോളയാട് മേഖലയിൽ ഭീതി വിതച്ച് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. നിടുംപൊയിൽ ചെക്കേരി കരിമ്പിൽ പ്രദേശത്തെ കർഷകരായ മൂത്രാടൻ ചന്ദ്രൻ, തെനിയാടൻ ബിനു, ഇ.സജേഷ് എന്നിവരുടെ കായ്ഫലമുള്ള തെങ്ങുകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹെക്ടർ കണക്കിന് സ്ഥലത്തെ കാർഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.രണ്ടായിരത്തോളം വാഴ, നൂറോളം കമുക്, 21 തെങ്ങ്, മറ്റ് വിളകൾ എന്നിവയാണ് നശിപ്പിച്ചത്.ബാങ്കിൽ നിന്നും, അയൽക്കൂട്ടങ്ങളിൽ നിന്നും മറ്റും കടമെടുത്ത് ഓണം വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത നേന്ത്രവാഴകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെ കടക്കെണിയിലായ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ആക്രമണം രൂക്ഷമായിട്ടും
അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സമരം നടത്താനുള്ള ആലോചനയിലാണ് കർഷകർ.
എട്ടുദിവസത്തെ നഷ്ടം
2000 വാഴ
100 കമുക്
21 തെങ്ങ്,
യോഗം ചേർന്ന് ജനജാഗ്രതാ സമിതി
കാട്ടാന ആക്രമണം രൂക്ഷമായതിനെത്തുടർന്ന് കോളയാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എം.റിജിയുടെ അദ്ധ്യക്ഷതയിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു. കണ്ണവം റേഞ്ച് ഓഫീസർ സുധീർ നരോത്ത്, വാർഡ് മെമ്പർ റോയ് പൗലോസ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ് കുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി. കുഞ്ഞുമുഹമ്മദ്, മറ്റ് ജനപ്രതിനിധികളായ ബാബുരാജ്, രാമചന്ദ്രൻ, പ്രഹ്ളാദൻ, ജയരാജൻ തുടങ്ങിയവർ സംബന്ധിച്ചു.
കോളയാട് പറയുന്നു
സോളാർ ഫെൻസിംഗ്, ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കണം
കൃഷിയിടത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കണം
കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിൽ വാച്ചർമാരെ നിയമിക്കണം
കർഷകർക്ക് മതിയായ നഷ്ട പരിഹാരം
ജനജാഗ്രതാ സമിതിയിൽ ഉയർന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കും കണ്ണവം പരിധിയിലെ ചങ്ങല ഗേറ്റ്, പെരുവ തുടങ്ങിയ പ്രദേശങ്ങളിലെ റോഡരികിൽ കാണപ്പെടുന്ന ഉണങ്ങിയതും അപകടാവസ്ഥയിലുള്ളതുമായ മരങ്ങൾ മുറിച്ച് മാറ്റാൻ ഉടൻ നടപടി സ്വീകരിക്കും- ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത്
ചെമ്പുകാവിൽ കർഷകരുടെ കണ്ണീർ
ചെമ്പുക്കാവ് മേഖലയിലെ ചാരാംകുന്ന് ഭാഗത്തെ പതിനഞ്ചോളം കർഷകരുടെ 2000 ഓളം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചത്.