ആലക്കോട്: മലയോര ഹൈവേയിൽ കരുവൻചാൽ പുഴയ്ക്ക് കുറുകെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പാലത്തിന്റെ കോൺക്രീറ്റിംഗിനിടെ പാലത്തിന്റെ നടപ്പാതയുടെ ഒരുഭാഗം താഴ്ന്നത് ആശങ്ക ഉയർത്തുന്നു.
ഇക്കഴിഞ്ഞ 29 നാണ് പാലത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് ജോലികൾ ചെയ്തത്. ഇടവിട്ട് മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും കോൺക്രീറ്റ് ജോലികൾ രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടു. അതിനിടെയാണ് കരുവൻചാൽ ടൗണിനോടു ചേർന്നുള്ള ഭാഗത്ത് കോൺക്രീറ്റ് നടന്ന സ്ഥലം താഴുന്നത് നാട്ടുകാർ കണ്ടത്. ഉടൻതന്നെ ഇക്കാര്യം കരാർ ജോലികൾ ചെയ്തുകൊണ്ടിരുന്നവരെ അറിയിക്കുകയും പാലത്തിന്റെ അടിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വച്ച് ബലപ്പെടുത്തുകയുമായിരുന്നു.
പാലത്തിന്റെ സ്ലാബുകളിൽ നിന്നുതന്നെ മുകൾഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള തട്ട് പിടിപ്പിക്കുകയായിരുന്നു. ഇങ്ങനെ പിടിപ്പിച്ച ഭാഗത്ത് വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നതാണ് ബലക്കുറവിന് കാരണമായത്. നടപ്പാതയുടെ അടിയിൽ വെൽഡിംഗ് നടത്തി ഫിറ്റ് ചെയ്ത ഇരുമ്പ് തട്ട് ഇളകിപ്പോവുകയായിരുന്നു. കോൺക്രീറ്റ് നടക്കുന്ന സമയത്ത് ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് തളിപ്പറമ്പ് അസി.എൻജിനിയർ തുടങ്ങിയവരും സ്ഥലത്ത് എത്തി. പാലത്തിന്റെ ഒരുഭാഗം താഴ്ന്നത് ശ്രദ്ധയിൽ പെടാതിരിക്കുന്നതിന് വേണ്ടി താഴ്ന്ന ഭാഗത്ത് രണ്ടാമതും ഫിനിഷിംഗ് നടത്തിയതായി നാട്ടുകാർ പറഞ്ഞു.
എന്നാൽ പാലത്തിന്റെ നടപ്പാതയുടെ അടിവശത്തുള്ള ഇരുമ്പ് ഷീറ്റ് ആണ് ഇളകിവീണതെന്നും ആ ഭാഗത്തെ ബലക്ഷയം പരിഹരിച്ച് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.
'വേണ്ടത്ര ജാഗ്രത
പാലിച്ചില്ല"
കരുവൻചാൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുകയുണ്ടായെങ്കിലും ഉത്തരവാദപ്പെട്ടവർ വേണ്ട ജാഗ്രത പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ആറ് കോടി രൂപ ചെലവഴിച്ച് 50 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമുള്ള പാലം നിർമ്മാണം ആരംഭിച്ചത് 2 വർഷം മുമ്പാണ്. തൊഴിലാളികൾ ഭൂരിഭാഗവും അന്യസംസ്ഥാനത്ത് നിന്നുള്ളവരായതിനാൽ നാട്ടുകാർ വെറും കാഴ്ചക്കാരായി മാറി.