കണ്ണൂർ: തോട്ടട ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യർത്ഥികൾ റാഗിംഗിനിടെ മർദിച്ചതായി പരാതി. പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായ റിത്വിനിനാണ് (16) മർദനമേറ്റത്. പരിചയപ്പെടാനെന്നു പറഞ്ഞ് പ്ലസ് ടുവിന് പഠിക്കുന്ന എട്ടംഗ സംഘം ശുചിമുറിയിൽ കൊണ്ടു പോയി മർദിക്കുകയായിരുന്നു. വയറിനും കാലിനും നാഭിക്കും ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് പരാതി.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ റിത്വിൻ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. റിത്വിന്റെ രക്ഷിതാക്കൾ ഇതു സംബന്ധിച്ച് സ്‌കൂളിലെ ആന്റി റാഗിംഗ് കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. ആന്റി റാഗിംഗ് കമ്മിറ്റിക്ക് നൽകിയ പരാതിയിൻ മേലുള്ള നടപടിയനുസരിച്ച് ആവശ്യമെങ്കിൽ പൊലീസിലും ജില്ലാ കളക്ടർ, വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കും പരാതി നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം. തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സീനിയേഴ്സ് ഇത്തരത്തിൽ ജൂനിയേഴ്സിനെ പതിവായി ദ്രോഹിക്കാറുണ്ടെന്ന് നേരത്തെ പരാതിയുണ്ട്.
കുട്ടിക്കളിയല്ല റാഗിംഗ്
ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തോ അകത്തോ റാഗിംഗിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാം. കൂടാതെ കുറ്റക്കാരനായ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. മൂന്നുവർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകില്ല. പരാതിയിൽ നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം, പരാതി അവഗണിച്ചാൽ പ്രതിക്ക് നൽകുന്ന ശിക്ഷകിട്ടും.