കണ്ണൂർ:പരിമിതികളിൽ ഞെരുങ്ങി പയ്യാമ്പലത്തെ ജില്ലാ പാഠപുസ്തക വിതരണ ഡിപ്പോ.80 വർഷം പഴക്കമുള്ള ഡിപ്പോയിൽ കഴിഞ്ഞ ദിവസമാണ് ഓട് പൊട്ടി വീണ് അങ്ങാടിക്കടവ് സ്കൂളിലെ അദ്ധ്യാപകൻ ബെന്നിക്ക് തലക്ക് പരിക്കേറ്റ് 11 സ്റ്റിച്ച് ഇടേണ്ടി വന്നത്.പകൽ മൂന്നിൽ ഹയർസെക്കൻഡറി ഓഫീസിലേക്ക് വന്നതായിരുന്നു.മഴ ഏകദേശം തോർന്ന സമയത്തായിരുന്ന അപകടം നടന്നത്.
നാല് വർഷമായി ഡിപ്പോയുടെ ഭാഗമായ ഈ ബിൽഡിംഗ് നേരത്തെ ഗേൾസ് സ്കൂളിന്റെ ലാബ് ആയിരുന്നു.നിലവിൽ പാഠപുസ്തക വിതരണ ഡിപ്പോയ്ക്ക് ഏഴ് മുറികളാണ് ഉള്ളത്.മഴ തുടങ്ങിയതിന് ശേഷം വലിയ പ്രശ്നങ്ങളാണ് കെട്ടിടം നേരിടുന്നത്.ഏത് സമയത്തും കെട്ടിടം പൊളിഞ്ഞ് അപകടം സംഭവിച്ചേക്കാം.കഴിഞ്ഞ മേയ് 31 വരെ രണ്ട് ലക്ഷത്തിൽ കൂടുതൽ പുസ്തകങ്ങൾ ഓടു പൊളിഞ്ഞു വീണ ബിൽഡിംഗിൽ മാത്രം സൂക്ഷിച്ചിട്ടുണ്ടായിരുന്നു.മറ്റ് റൂമുകളും സമാന രീതിയിൽ കേടുപാടുകൾ സംഭവിച്ചവയാണ്.മഴ ശക്തമായാൽ പഠപുസ്തകങ്ങളുടെ കാര്യത്തിൽ യാതൊരു സുരക്ഷയുമില്ല.
എത്താനുണ്ട് 25 ലക്ഷം പുസ്തകങ്ങൾ
ഒന്നാം വോളിയം 29 ലക്ഷം പാഠപുസ്തകമാണ് ഇവിടെ നിന്നും വിതരണം ചെയ്തത്.ഇനി രണ്ടാം വോളിയത്തിൽ 25 ലക്ഷത്തോളം പുസ്തകം സൂക്ഷിക്കേണ്ടതുണ്ട്.ഇവിടെ എത്രത്തോളം സുരക്ഷിതമായി സൂക്ഷിക്കാമെന്ന കാര്യത്തിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.നിലവിൽ കെട്ടിടത്തിന്റെ റൂഫ് അടുത്തിടെയായി അലുമിനിയം ഷീറ്റ് ഇട്ട് മറച്ചിട്ടുണ്ടെങ്കിലും. കെട്ടിടത്തിൽ ജനൽ ഇല്ല.വാതിലിന്റെ കാര്യവും പരിതാപകരാണ്.പകരം ജീവനക്കാർ കയർ കെട്ടിയും കാർബോർഡ് വച്ചുമെല്ലാമാണ് അഡ്ജജസ്റ്റ് ചെയ്യുന്നത്.തറഭാഗം കുണ്ടും കുഴിയും നിറഞ്ഞതാണ്.തെരുവു നായകൾ ഡിപ്പോയ്ക്ക് ഉള്ളിലേക്ക് കയറി വരാനുള്ള സാദ്ധ്യതയും കൂടുതലാണ്.ഡിപ്പോയ്ക്ക് തൊട്ടടുത്താണ് അംങ്കണവാടി.മഴ കനക്കുന്തോറും ഇവിടയുള്ള ജീവനക്കാരുടെ നെഞ്ചിടിപ്പും ഉയരുകയാണ്.
ഫിറ്റ്നസോ , ഈ കെട്ടിടത്തിനോ!
കോർപ്പറേഷന്റെ കീഴിലാണ് നിലവിൽ കെട്ടിടം പ്രവർത്തിക്കുന്നത്.കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ നവകേരള സദസിൽ പരാതി നൽകിയിരുന്നു.ഇതെ തുടർന്ന് പി.ഡബ്ലു.ഡി അധികൃതർ കെട്ടിടം അളക്കാൻ എത്തിയിരുന്നു.എന്നാൽ ഫിറ്റ്നസ് പെർമിറ്റില്ലാത് കാരണം മറ്റ് അറ്റകുറ്റപണികൾ ചെയ്തില്ല.കെട്ടിടത്തിൽ ടെൽസ് പാകി പിറകിൽ തകർന്ന ഭാഗങ്ങൾ നന്നാക്കുകയാണ് വേണ്ടത്.