agri-collage

നീലേശ്വരം: അദ്ധ്യാപകക്ഷാമവും അസൗകര്യവും കൊണ്ട് വീർപ്പുമുട്ടി കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജ്. പകരക്കാരെ നിയമിക്കാതെ സ്ഥലംമാറ്റം നൽകുക കൂടി ചെയ്തതോടെ സ്ഥിരം അദ്ധ്യാപകരില്ലാത്തെ പഠനവകുപ്പുകളുടെ എണ്ണം ഇവിടെ നാലായി. ആകെ 65 അദ്ധ്യാപക തസ്തികകളുള്ളതിൽ 25 തസ്തിക ഒഴിഞ്ഞുകിടക്കുന്നുവെന്നതിലുണ്ട് ഈ കാർഷിക കോളേജിനോടുള്ള അവഗണന.

കോളേജിലെ ആറ് ഡിപ്പാർട്ട്മെന്റുകളിൽ വകുപ്പ് തലവന്മാരില്ല. അഞ്ചുപേർ പേർ പി.എച്ച്.ഡി കോഴ്സിന് പോയി.അനിമൽ ഹസ്ബന്ററി, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് ,​ ബയോടെക്നോളജി, മൈക്രോ ബയോളജി എന്നീ പഠനവകുപ്പുകളിലാണ് സ്ഥിരം അദ്ധ്യാപകരില്ലാത്തത്. എന്റമോളജി വിഭാഗത്തിൽ സ്ഥലം മാറ്റം നടത്തിയിരുന്നുവെങ്കിലും പകരം നിയമനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പകരം നിയമനം നൽകാതെയാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്.

വർഷങ്ങളായി പലവിധത്തിലുള്ള ഇല്ലായ്മകളിൽ നട്ടം തിരിയുകയാണ് കാർഷിക കോളേജ് . അവഗണന ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കഴിഞ്ഞ ദിവസം കോളേജിൽ സമരം നടത്തിയിരുന്നു.നേരത്തെ തൃശൂരിലെ സർവകലാശാല ആസ്ഥാനത്ത് ജനറൽ കൗൺസിൽ യോഗം നടക്കുമ്പോൾ വിദ്യാർത്ഥികൾ സർവ്വകലാശാല സെൻട്രൽ ക്യാമ്പസിൽ എത്തിയും സമരം നടത്തിയിരുന്നു. കോളേജിലെ ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ അദ്ധ്യാപക തസ്തികകൾ ഉടൻ നികത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കൃഷി മന്ത്രി പി.പ്രസാദിന് നിവേദനം നൽകിയിരുന്നു.ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും പ്രക്ഷോഭത്തിനിറങ്ങാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം.2023 സപ്തംബറിൽ സ്ഥിരം അദ്ധ്യാപകരെ നിയമിക്കാത്തതിനെതിരെ കോളേജ് അദ്ധ്യാപക രക്ഷാകർതൃസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കാർഷിക സർവകലാശാല ഇതിന് മറുപടി നൽകിയിരുന്നില്ല.

തലവൻമാരില്ലാ ഡിപ്പാർട്ട്മെന്റുകൾ

അനിമൽ ഹസ്ബന്ററി

അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്

ബയോടെക്നോളജി

 മൈക്രോ ബയോളജി

മുഖ്യമന്ത്രിയുടെ ഉത്തരവും ഗൗനിച്ചില്ല

കോളേജിലെ അദ്ധ്യാപകക്ഷാമം നേരത്തെ പി.ടി.എ മുഖ്യമന്ത്രിയുടെയും കൃഷി വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. രണ്ട് അദ്ധ്യാപകരെ നിയമിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നുവെങ്കിലും കൃഷിവകുപ്പിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല അദ്ധ്യാപക ക്ഷാമത്തെ തുടർന്ന് വിദ്യാർത്ഥികൾ വലയുമ്പോഴും കോളേജ് നിലനിൽക്കാൻ ജില്ലയിലെ ജനപ്രതിനിധികളും താല്പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം.