കണ്ണൂർ: കോർപ്പറേഷൻ പരിധിയിലുള്ള എടക്കാട്, ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെയും കോർപ്പറേഷൻ പരിധിയിലെ മുൻസിഫ് കോടതിയിലെ കേസുകളും കണ്ണൂർ കോടതികളിലേക്ക് മാറ്റുവാനുള്ള നടപടിയുണ്ടാവണമെന്ന് സർക്കാറിനോടും ഹൈക്കോടതിയോടും അപേക്ഷിക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ ഐകകണ്ഠ്യേനയോടുള്ള പിന്തുണയിലാണ് തീരുമാനം.
എടക്കാട്, ചക്കരക്കൽ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് തലശ്ശേരി കോടതിയിലേക്കുള്ള ദൂരം പരിശോധിച്ചാൽ അടുത്ത കോടതികൾ കണ്ണൂരായതിനാലാണ് കേസുകൾ കണ്ണൂരിലേക്ക് മാറ്റണമെന്ന് അപേക്ഷിക്കാനുള്ള പ്രമേയം ഡെപ്യൂട്ടി മേയർ അഡ്വ. പി.ഇന്ദിര അവതരിപ്പിച്ചത്. പയ്യാമ്പലത്തെ ശവദാഹവും ഓഫീസിന്റെ പ്രവർത്തനവും പരിതാപകരമാണെന്ന് പ്രതിപക്ഷത്തെ കൗൺസിലർ പ്രദീപൻ ചൂണ്ടിക്കാട്ടി. ഇവിടുത്തെ ചുമതലയെക്കുറിച്ച് മേയർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പയ്യാമ്പലത്ത് നിർമ്മിച്ച പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് പോലും സാദ്ധ്യതയുണ്ടെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. ശാന്തി തീരമിപ്പോൾ അശാന്തി തീരമായി മാറുകയാണെന്ന് പ്രതിപക്ഷ കൗൺസിലറായ നിർമ്മല കുറ്റപ്പെടുത്തി. കൗൺസിലർമാരായ കെ.പി.അബ്ദുൾ റസാഖ്, വി.കെ.ഷൈജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പയ്യാമ്പലം വിഷയത്തിൽ പി.കെ.രാഗേഷ്- ടി.ഒ മോഹനൻ വാക്പോര്
പയ്യാമ്പലം ശ്മശാനം വിഷയത്തിൽ പി.കെ.രാഗേഷും ടി.ഒ.മോഹനനും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പയ്യാമ്പലത്തെ വിഷയം മിക്ക കൗൺസിൽ യോഗത്തിലും ചർച്ച വരുന്നുണ്ടെങ്കിലും അതിന് ഫലമൊന്നും കാണുന്നില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ പി.കെ.രാഗേഷ് പറഞ്ഞു. ആരുടെയോ പിടിവാശിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിവരുമെന്നും രാഗേഷ് പറഞ്ഞു.
പയ്യാമ്പലത്തെ ശ്മശാന വിഷയത്തിൽ ഏറെ ചർച്ച നടന്നിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തികഞ്ഞ അലംഭാവമാണുണ്ടാകുന്നതെന്ന് മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ പറഞ്ഞു. മേയറോ കൗൺസിലർമാരോ മാത്രം വിചാരിച്ചാൽ പ്രശ്നത്തിന് പരിഹാരമാവില്ലെന്നും അതിന് ഉദ്യോഗസ്ഥന്മാരുടെ ഭാ ഗത്ത് നിന്നും നടപടി ഉണ്ടാവണമെന്നും ടി.ഒ.മോഹനൻ ആവശ്യപ്പെട്ടു.
ഈ വിഷയം തുടങ്ങീട്ട് ഏറെ നാളായെന്നും വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടാകുന്നതായും ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നും ഭരണപക്ഷത്തെ കൗൺസിലർ സിയാദ് തങ്ങൾ ആവശ്യപ്പെട്ടു.