ചിറ്റാരിക്കാൽ: വിപ്പ് ലംഘിച്ച് വോട്ട് രേഖപ്പെടുത്തിയ നാല് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ ജിജി തോമസ് തച്ചാർകുടി,മൂന്നാം വാർഡ് മെമ്പർ ഡെറ്റി ഫ്രാൻസിസ്,പത്താം വാർഡ് മെമ്പർ ലാലു തെങ്ങുംപള്ളിൽ പതിനാലാം വാർഡ് ജിജി പുതിയ പറമ്പിൽ എന്നിവർക്കാണ് അയോഗ്യത.
2020ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് ചെയ്യാതിരുന്നതിനാലാണ് ആർ.എം.പി ജനറൽ സെക്രട്ടറി എൻ.വേണു ഇവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.2015ൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ജയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എളേരിയിൽ രൂപീകരിച്ച ഡി.ഡി.എഫ് ഈസ്റ്റ് എളേരിയിൽ ഭരണം പിടിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ഡി.ഡി.എഫിലെ നാല് അംഗങ്ങൾ ആർ.എം.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്ബാളിലാണ് മത്സരിച്ചത്. ചിഹ്നം അനുവദിച്ചുകിട്ടാൻ ഡി.ഡി.എഫ് ആർ.എം.പിയുമായി ധാരണയുണ്ടാക്കിയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർ.എം.പി സംസ്ഥാനസെക്രട്ടറി എൻ.വേണു ഫുട്ബാൾ ചിഹ്നത്തിൽ മത്സരിച്ച നാലുപേർക്കും വിപ്പ് നൽകിയെങ്കിലും ഡി.ഡി.എഫ് ഇത് തള്ളി. വിപ്പ് ലംഘിച്ച് ജയിംസിന് അനുകൂലമായി വോട്ട് ചെയ്തതിന് ആർ.എം.പി നൽകിയ പരാതി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
ഡി.ഡി.എഫ് ഇല്ല;എല്ലാം യു.ഡി.എഫ്
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ഡി.ഡി.എഫ് കോൺഗ്രസിൽ ലയിച്ചതോടെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പിന്നീട് യു.ഡി.എഫിന് തിരിച്ചുകിട്ടി. 2020ലെ തിരഞ്ഞെടുപ്പിൽ ഡി.ഡി.എഫും യു.ഡി.എഫും എഴും എൽ.ഡി.എഫ് രണ്ടും വാർഡുകളിലായിരുന്നു ജയിച്ചത്. എൽ.ഡി.എഫ് സഹായത്തോടെ അധികാരത്തിലേറിയ ഡി.ഡി.എഫ് കോൺഗ്രസുമായുള്ള ലയനത്തോടെ യു.ഡി.എഫിലെത്തി. ജയിംസ് പന്തമാക്കൽ രാജിവച്ചതിന് പിന്നാലെ കോൺഗ്രസിലെ ജോസഫ് മുത്തോലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ഔദോഗിക സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് മുത്തോലി തിരഞ്ഞെടുക്കപ്പെട്ടത്.