കണ്ണൂർ: നഗരത്തിലെ ജുവലറികളിൽ രണ്ടംഗ സംഘത്തിന്റെ മോഷണശ്രമം. രണ്ടുവർഷം മുന്നെ കവർച്ച നടന്ന താവക്കരയിലെ അർഷിദ് ജുവലറിലും സമീപത്തെ അർജുൻ ജുവലറിയിലുമാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നിനും രണ്ടിനും ഇടയിൽ മോഷണശ്രമം നടന്നത്. താവക്കരയിലെ അർഷിദ് ജുവലറിയിലെത്തിയ മോഷ്ടാക്കൾ ആദ്യം തന്നെ നിരീക്ഷണ കാമറ തകർത്താണ് മോഷണശ്രമം നടത്തിയത്.
പൂട്ട് തകർക്കാനുള്ള ശ്രമത്തിനിടെ നിരീക്ഷണ കാമറ അലാറം മുഴങ്ങിയതിനെ തുടർന്ന് ഉടമ തളാപ്പിലെ റിജിൽ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടനെ അവിടെയെത്തിയെങ്കിലും മോഷ്ടാക്കൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇതിനിടെ തൊട്ടടുത്ത അർജുൻ ജുവലറിയിലും മോഷ്ടാക്കൾ പൂട്ട് തകർക്കാനുള്ള ശ്രമം നടത്തിയിരുന്നു.
റെയിൻ കോട്ടും മാസ്‌കും ധരിച്ച ഒരാളും ടീഷർട്ടു ധരിച്ച മറ്റൊരാളുമായിരുന്നു മോഷണ സംഘത്തിലുണ്ടായത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ജുവലറിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. 2022 ജൂൺ 15 ന് അർഷിദ് ജുവലറിയിൽ നടന്ന കവർച്ചയിൽ ഒൻപതര കിലോയോളം വെള്ളിയാഭരണങ്ങൾ കവർന്നിരുന്നു. ഇതിലെ മോഷ്ടാവിനെ പൊലീസിന് ഇതുവരെയും പിടികൂടാനായിരുന്നില്ല. അർഷിദ് ജുവലറി ഉടമ റിജിൽ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.