പേരാവൂർ:ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നടക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം-ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായുള്ള സർക്കാർ സ്ഥാപനതല 'എനർജി വിസിബിലിറ്റി സ്റ്റഡി' മുഴക്കുന്നിൽ പൂർത്തിയായി.ഓരോ സ്ഥാപനങ്ങളിലെയും ശരാശരി വൈദ്യുത ഉപയോഗം, വാഹനങ്ങളുടെ ഉപയോഗം, സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക്ക് വസ്തുക്കളുടെ എണ്ണം-വാട്ട്, കെട്ടിട വിസ്തീർണം, ജീവനക്കാരുടെ എണ്ണം, സോളാർ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത ഇവയൊക്കെയാണ് പ്രധാനമായും പരിശോധിക്കുക. ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് ഓഫീസും പഞ്ചായത്ത് വകുപ്പിന് കീഴിൽ വരുന്ന വിവിധ വകുപ്പുകളുടെ സ്വന്തമായി കെട്ടിടമുള്ളവയുമാണ് പരിശോധിച്ചത്. കണ്ണൂർ ഗവ. എൻഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികളായ എം.ശ്രീലക്ഷ്മി രാജൻ, കെ.പി.ഹരികൃഷ്ണൻ,ടി.വി.ശ്രീനാഥ്, കെ.ജിൻഷ, റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ എന്നിവരടങ്ങിയ സംഘമാണ് സർവേ നടത്തിയത്.