കാസർകോട്: കാസർകോട് ബാറിലെ അഭിഭാഷകന്റെ പേരിൽ വനിതാ പൊലീസ് ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഉളിയത്തടുക്കയിൽ താമസിക്കുന്ന 32 കാരി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി വനിതാ പൊലീസ് സ്റ്റേഷന് കൈമാറിയതിനെ തുടർന്നാണ് അഡ്വ. നിഖിൽ നാരായണന്റെ പേരിൽ ഭാരതീയ ന്യായ സംഹിത 376 ( 2)(എൻ), 506 വകുപ്പുകൾ പ്രകാരം കേസെടുത്തത്. 2023 ജനുവരി ഒന്ന് മുതൽ 2024 ഏപ്രിൽ മാസം വരെയുള്ള കാലത്ത് വിവാഹ വാഗ്ദാനം നൽകി തായലങ്ങാടിയിലെ ഫ്ലാറ്റിൽ വച്ചും എസ്.പി നഗറിലെ അഭിഭാഷകന്റെ വീട്ടിൽ വച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കാസർകോട് വനിതാ എസ്.ഐ കെ.അജിതയാണ് കേസ് അന്വേഷിക്കുന്നത്. ഗാർഹിക പീഡന പരാതിയിൽ നിയമസഹായം തേടിയാണ് യുവതി അഭിഭാഷകന്റെ അടുത്ത് എത്തിയതെന്ന് പറയുന്നു. പിന്നീട് യുവതിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നടത്തുകയുമായിരുന്നു. യുവതി നേരത്തെ കാസർകോട് ബാർ അസോസിയേഷനിൽ പരാതി നൽകിയിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അഭിഭാഷകൻ ഒളിവിൽ പോയതായി അറിയുന്നു.