കണ്ണൂർ: ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനം 42,400 ഹെക്ടറിൽ പൂർത്തിയായി. 14 വില്ലേജുകളിലായി 2,39,500 കൈവശങ്ങളാണ് ഇതുവരെ ഡിജിറ്റൽ സർവേ പ്രകാരം അളന്ന് തിട്ടപ്പെടുത്തിയത്. ജില്ലയിൽ ഡിജിറ്റൽ സർവേയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളിൽ മുഴുവൻ വില്ലേജുകളുടെയും ഫീൽഡ് ജോലി പൂർത്തീകരിച്ച് കേരള സർവേ അതിരടയാള നിയമം സെക്ഷൻ 9(2) പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട എടക്കാട്, അഴീക്കോട് നോർത്ത്, പാപ്പിനിശ്ശേരി, ചിറക്കൽ, കല്ല്യാശ്ശേരി, വലിയന്നൂർ, ധർമ്മടം, കീഴല്ലൂർ, എരഞ്ഞോളി, കേളകം, കീഴൂർ, ചുഴലി, തളിപ്പറമ്പ്, പെരളം എന്നീ 14 വില്ലേജുകളിൽ 12 വില്ലേജുകളുടെ ഫീൽഡ് ജോലി ആരംഭിച്ചു. ഇതിൽ 50 ശതമാനം ഫീൽഡ് ജോലി ഇതിനകം പൂർത്തിയായി. ഫീൽഡ് ജോലി പൂർത്തിയായ 2 വില്ലേജുകളുടെ 9(2) പ്രസിദ്ധീകരിച്ചു.

ഒന്നാം ഘട്ടത്തിൽ 30,000 ഹെക്ടറും രണ്ടാം ഘട്ടത്തിൽ 26,000 ഹെക്ടറും ഉൾപ്പെടെ ആകെ 56000 ഹെക്ടർ ഭൂമിയാണ് ഡിജിറ്റൽ സർവെ ചെയ്യാനുള്ളത്. ഡിജിറ്റൽ സർവേ പ്രവർത്തനം സമയബന്ധിതമായും, കുറ്റമറ്റരീതിയിലും പൂർത്തീകരിക്കുന്നതിന് മുഴുവൻ കൈശക്കാരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് റീ സർവ്വെ അസി.ഡയറക്ടർ അറിയിച്ചു.

കൈവശക്കാർ ചെയ്യേണ്ടത്

സർവേ ജീവനക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് കൈവശ ഭൂമിയുടെ രേഖകൾ ഹാജരാക്കിയും, അതിരുകളിലെ കാടുകൾ വെട്ടിത്തെളിച്ച് നൽകിയും സഹകരിച്ചാൽ മാത്രമേ കുറ്റമറ്റ രീതിയിലുള്ള സർവെ രേഖകൾ തയ്യാറാക്കാൻ സാധിക്കുകയുള്ളൂ. ഓരോ കൈവശവും പ്രത്യേകം പ്രത്യേകം അളന്ന് റെക്കാർഡുകൾ തയ്യാറാക്കുന്നതിന് ഭൂമിയിൽ തർക്കമറ്റ അതിർത്തി സ്ഥാപിക്കേണ്ടത് ബന്ധപ്പെട്ട ഭൂവുടമകളുടെ ഉത്തരവാദിത്തമാണ്. സർവേ പൂർത്തിയാക്കി രേഖകൾ റവന്യൂ ഭരണത്തിന് പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി കൈവശക്കാർക്ക് ബന്ധപ്പെട്ട ക്യാമ്പ് ഓഫീസുകളിൽ ഹാജരായി രേഖകൾ പരിശോധിക്കുന്നതിനും, തെറ്റുകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.

ഇതുവരെ അളന്നുതിട്ടപ്പെടുത്തിയ കൈവശങ്ങൾ 2,39,500

ഡിജിറ്റൽ സർവേ ചെയ്യാനുള്ളത് ഒന്നാംഘട്ടം 30,000 ഹെക്ടർ

രണ്ടാംഘട്ടം 26,000 ഹെക്ടർ

രേഖകൾ ഹാജരാക്കാത്തവർക്കും സർവേയുമായി സഹകരിക്കാത്തവർക്കും ഭാവിയിൽ റവന്യൂ സംബന്ധമായ സേവനങ്ങൾക്ക് തടസ്സം നേരിടുന്നതായിരിക്കും.

റീസർവേ അസിസ്റ്റന്റ് ഡയറക്ടർ

സുനിൽ ജോസഫ് ഫെർണാണ്ടസ്