exise

കണ്ണൂർ: വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ കൊണ്ട് മൂടി പൊടിക്കുണ്ടിലെ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഓഫിസ് പരിസരം.ഇരുചക്രവാഹനങ്ങൾ മുതൽ ലക്ഷങ്ങൾ വിലവരുന്ന കാറുകൾ വരെ ഇവിടെ വെയിലും മഴയുമേറ്റ് നശിക്കുന്നു. അപ്പോഴും വാഹനങ്ങൾ ഇവിടെ നിന്നും മാറ്റാനുള്ള നടപടിയൊന്നുമായിട്ടില്ല.

കെട്ടിടവും 70 സെന്റ് സ്ഥലവുമുള്ള ഇവിടെ ഉദ്യോഗസ്ഥർക്ക് സ്വന്തം വാഹനങ്ങൾ പോലും നിർത്തിയിടാൻ കഴിയുന്നില്ല. ഇനി പിടികൂടുന്ന വാഹനങ്ങൾ നിർത്തിയിടാൻ സ്വന്തമായി സ്ഥലമില്ലെന്നതാണ് എക്‌സൈസ് വകുപ്പ് നേരിടുന്ന വലിയ പ്രതിസന്ധി. ജലസേചനവകുപ്പിന്റെ സ്ഥലം വിട്ടുനൽകാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. ജില്ലയിൽ എല്ലായിടത്തും സമാന സാഹചര്യമാണ്. ചില റേഞ്ച് ഓഫിസുകളിൽ റോഡിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ചിലയിടത്ത് നിന്ന് വാഹനങ്ങൾ കണ്ണൂരിൽ കൊണ്ടിടും.

ഇനി പുതുതായി വാഹനങ്ങൾ കൊണ്ടിടാൻ മതിയായ സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്.വാടകകെട്ടിടത്തിലാണ് കമ്മിഷണറുടെ ഓഫിസ് പ്രവർത്തിക്കുന്നത്. നിലവിൽ കെട്ടിടം ഒഴിപ്പിച്ച തരണമെന്നാവശ്യപ്പെട്ട് ഈ സ്ഥലത്തിന്റെ ഉടമ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉടമയ്ക്ക് അനുകൂലമായ വിധി വന്നാൽ ഓഫിസ് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വരും. അപ്പോൾ ഈ വാഹനങ്ങൾ എന്ത് ചെയ്യണമെന്ന പ്രതിസന്ധിയിലാണ് എക്സൈസ്.

ലേലത്തിലും പോകുന്നില്ല

പിടികൂടുന്ന വാഹനങ്ങൾ ലേലത്തിൽ വെക്കാറുണ്ടെങ്കിലും പിന്നീട് എന്തെങ്കിലും കേസും പ്രശ്നങ്ങളുമുണ്ടാകുമോ എന്ന പേടിയിൽ വാങ്ങാനും ആളുകൾക്ക് മടിയാണ്. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ്, എക്‌സൈസ് റേഞ്ച് ഓഫിസ്, എക്‌സൈസ് സർക്കിൾ ഓഫിസ്, ഇന്റലിജന്റ് ബ്യൂറോ ഓഫിസ് എന്നിങ്ങനെ നാല് ഓഫിസുകളാണ് പ്രവർത്തിക്കുന്നത്. റേഞ്ച്, സർക്കിൾ, സ്‌ക്വാഡ് ടീമുകൾ പിടികൂടുന്ന വാഹനങ്ങൾ ഇവിടെയാണ് നിർത്തിയിടുന്നത്. ഓരോ മാസവും ഇത്തരത്തിൽ നിരവധി വാഹനങ്ങൾ ഇവിടെ കൊണ്ടിടുന്നുണ്ട്.