കാസർകോട് : പടന്നക്കാട് കാർഷിക കോളേജിലെ അദ്ധ്യാപകക്ഷാമത്തിന് പരിഹാരം തേടി പി.ടി.എ ഉപവാസസമരത്തിന്. കോളേജിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ രക്ഷിതാക്കൾ തന്നെ സമര രംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്ന് പി.ടി.എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വടക്കേ മലബാറിലെ ഈ പ്രമുഖ കാർഷിക കോളേജ് 1972ൽ 30 വിദ്യാർത്ഥികളുമായി തുടങ്ങിയതാണ്. ഇന്ന് പി.ജിയിൽ നാൽപ്പതും പി.എച്ച്.ഡിയിൽ പത്തും അടക്കം 500 വിദ്യാർത്ഥികൾ ഈ കോളേജിൽ പഠിക്കുന്നുണ്ട്. ആദ്യകാലത്തെ സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇന്നും പിന്തുടരുന്നത്. 61 അദ്ധ്യാപക തസ്തികകളിൽ പകുതി പോലും ഇല്ലാത്ത അവസ്ഥയാണ്. പതിനെട്ട് അസോസിയേറ്റ് പ്രൊഫസർമാർ വേണ്ടിടത്ത് ഒറ്റയാൾ പോലുമില്ല.പന്ത്രണ്ട് പ്രൊഫസർമാർ വേണ്ടിടത്ത് ആറുപേരാണുള്ളത്. ഈ മാസം 29 ന് ജനറൽ സ്ഥലമാറ്റ ഉത്തരവിലൂടെ നാലുപേർ മാറി. പകരം ഒരാളെ മാത്രമാണ് പടന്നക്കാടേക്ക് ലഭിച്ചത്. സ്ഥലംമാറ്റം ലഭിച്ച ആൾ ചുമതലയേറ്റെടുക്കുമെന്നും ഉറപ്പില്ല.
കഴിഞ്ഞ വർഷം മുഖ്യമന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മൂന്നുപേരെ പോസ്റ്റ് ചെയ്തിരുന്നു. സെപ്തബറിൽ തീരുന്ന മുറക്ക് അവരും സ്ഥലം മാറ്റം വാങ്ങി പോകും. അഞ്ച് അദ്ധ്യാപകർ പി. എച്ച്.ഡിക്കായി പോയിരിക്കുകയാണ്. അവരുടെ ശമ്പളം കോളേജിൽ നിന്ന് കൊടുക്കുന്നതിനാൽ ആ തസ്തികയിൽ താൽകാലിക നിയമനം സാദ്ധ്യമല്ല.
ഹൈക്കോടതിയ്ക്കും മറുപടി നൽകിയില്ല
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേരള ഹൈക്കോടതിയിൽ അദ്ധ്യാപക ക്ഷാമം പരിഹരിക്കുന്നതിന്ന് ഫയൽ ചെയ്ത റിട്ടിന് യൂണിവേഴ്സിറ്റി ഇതുവരെ വ്യക്തമായ മറുപടി കൊടുത്തിട്ടില്ല. പലതവണ കേസ് മാറ്റിവെക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ നിയമപരമായും പ്രത്യക്ഷസമരത്തിലൂടെയും സർക്കാരിന്റെയും കാർഷിക സർവ്വകലാശാലയുടെയും ശ്രദ്ധ തേടുന്നതെന്നും പി.ടി.എ നേതൃത്വം പറഞ്ഞു.
ഒൻപതിന് ഉപവസിക്കും
ഈ മാസം ഒമ്പതിന് പടന്നക്കാട് കാർഷിക കോളേജിന് മുന്നിൽ ഏകദിന ഉപവാസസമരം നടത്താൻ തീരുമാനിച്ചുവെന്ന് അദ്ധ്യാപക രക്ഷകർതൃസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വടക്കേ 'മലബാറിനോടുള്ള അrവഗണനയ്ക്കും അദ്ധ്യാപകക്ഷാമം പരിഹരിക്കുന്നതിനുമാണ് സമരം നടത്തുന്നതെന്ന് പി.ടി.എ പ്രസിഡന്റ് കെ.പി.വിനോദ് കുമാർ, സത്യദേവൻ, ഗംഗാധരൻ, മുരളിധരൻ എന്നിവർ പങ്കെടുത്തു.