പേരാവൂർ:മുഴക്കുന്ന് പഞ്ചായത്തിൽ ഏക്കർകണക്കിന് വയലുകൾ തരിശിടുന്നതിന് കാരണമായ ഗുണ്ണിക -കടുക്കാപ്പാലം തോടിന്റെ കവിഞ്ഞൊഴുക്ക് തടയാൻ വിവിധ പദ്ധതികളുമായി ജലസേചനവകുപ്പ്. വയലുകൾക്ക് നടുവിലായി ഒഴുകുന്ന തോടിനെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ ജലാഞ്ജലി-നീരുറവ് പദ്ധതിയിൽ പെടുത്തിയാണ് ജല ഉപമിഷൻ പദ്ധതി ഒരുങ്ങുന്നത്.
മുഴക്കുന്ന് ഗ്രാമ പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് മിഷൻ ഒരുക്കുന്നത്. ഗുണ്ണിക മുതൽ കടുക്കാപ്പാലം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമുള്ള തോടിന്റെ 600 മീറ്റർ ദൂരം ജലാഞ്ജലി-നീരുറവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആഴവും വീതിയും കൂട്ടി കയർ ഭൂവസ്ത്രം വിരിച്ചിരുന്നു.ശേഷിക്കുന്ന ഭാഗത്തെ 400 മീറ്റർ ദൂരം കൂടി കയർ ഭൂവസ്ത്രം വിരിച്ച് പുനർനിർമ്മിക്കാൻ തൊഴിലുറപ്പ് വിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ശേഷിക്കുന്ന ഭാഗത്തെ വിവിധ പ്രവൃത്തികളാണ് കൺവർജെൻസായി മൈനർ ഇറിഗേഷൻ വകുപ്പ് ഏറ്റെടുക്കുന്നത്.
മിഷൻ ഇങ്ങനെ
കടുക്കാപ്പാലം ഭാഗത്ത് 200 മീറ്റർ നീളത്തിൽ തോടിന്റെ അരിക് കെട്ടും
ഈ ഭാഗത്ത് ർ അടിഞ്ഞുകൂടിയ മണ്ണും, ചളിയും, ചരലും മാറ്റും
വേനൽകാല കൃഷി ആവശ്യത്തിനായി അഞ്ചു മീറ്റർ വീതിയിൽ വി.സി.ബി
ഗുണ്ണിക ഭാഗത്തുള്ള പഴയ വി.സി.ബി റിപ്പയറിംഗ്
ഗുണ്ണിക -കടുക്കാപ്പാലം തോടിന്റെ മദ്ധ്യഭാഗത്തായി അഞ്ചുമീറ്റർ വീതിയിൽ വി.സി.ബി
പദ്ധതിപ്രദേശം സന്ദർശിച്ചു
മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ,ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ,പഞ്ചായത്ത് വികസന കാര്യ സ്ഥിര സമിതി അദ്ധ്യക്ഷ എ.വനജ എന്നിവർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പദ്ധതി പ്രേദേശം സന്ദർശിച്ചു.
പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ 15 വർഷമായി വെള്ളംകയറി തരിശ് കിടക്കുന്ന പാടത്ത് നെല്ല്, വാഴ, പച്ചക്കറികൾ ഉൾപ്പെടെയുള്ള കൃഷി നടത്താൻ കഴിയും.കൂടാതെ നീന്തൽ പഠനത്തിനും ടൂറിസത്തിനുമുള്ള സാദ്ധ്യതയുമുണ്ട്- മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു