കണ്ണൂർ: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കണ്ണൂരിൽ തനിക്കെതിരായി കണ്ണൂരിൽ മൃഗബലി നടത്തിയെന്ന ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസിലേക്കും കൂടോത്ര വിവാദമുയർന്നിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് കൂടോത്രം കണ്ടെത്തിയിട്ടും കെ.സുധാകരനും സാക്ഷിയായ രാജ്‌മോഹൻ ഉണ്ണിത്താനും മൗനം പാലിച്ചതെന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉടനടി പ്രതികരിക്കുന്നതാണ് ഇരുവരുടേയും ശൈലി.
പാർട്ടിക്കുള്ളിലെ രാഷ്ട്രീയ എതിരാളികളാണോ അതോ പാർട്ടിക്ക് പുറത്തുള്ളവരാണോ ഈ കൂടോത്രത്തിന് പിന്നിലെന്ന് ഇരുവരും പറഞ്ഞിട്ടില്ല. ഇടക്കാലത്ത് സുധാകരന് ആരോഗ്യപ്രശ്നങ്ങളും രാഷ്ട്രീയ നാവുപിഴകളുമെല്ലാം അലട്ടിയിരുന്നു. ഇതിനിടെയാണ് കൂടോത്ര സംശയം ഉണ്ടാകുന്നതും പരിശോധിക്കുന്നതും.രാജ്‌മോഹൻ ഉണ്ണിത്താനാണ് കെ.പി.സി.സി അദ്ധ്യക്ഷനെ സഹായിക്കാൻ പത്തനംതിട്ടയിൽ നിന്നും കർമ്മിയെ ഏർപ്പാടാക്കുന്നത്. പരിശോധനയിൽ കൂടോത്രം കണ്ടെടുക്കുകയും കർമ്മി നിർദേശിച്ച പരിഹാരക്രിയകൾ ചെയ്തുവെന്നുമാണ് വിവരം. എം.പിയെന്ന നിലയിൽ പൊലിസ് സുരക്ഷയുള്ള വീടിന്റെ കന്നിമൂലയിൽ നിന്നാണ് മാന്ത്രിക ചിഹ് നങ്ങളുള്ള രൂപവും തകിടുകളും കണ്ടെത്തിയത്.
തനിക്ക് നേരെയും കൂടോത്ര പ്രയോഗങ്ങൾ നടന്നതായി പാർട്ടിയിലെ ചിലരെ ലക്ഷ്യം വച്ച് അടുത്തിടെ രാജ്‌മോഹൻ ഉണ്ണിത്താനും ആരോപിച്ചിരുന്നു.അതേ സമയം കെ.സുധാകരന്റെ വീട്ടിൽ നിന്നും കൂടോത്രം കണ്ടെത്തുന്ന ദൃശ്യം ഇപ്പോൾ പുറത്തുവന്നതിന് പിന്നിലെന്താണെന്നും വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് സുധാകരനും ഉണ്ണിത്താനും. വിശദ വിവരങ്ങൾ ഉണ്ണിത്താനോട് അന്വേഷിക്കാനാണ് സുധാകരൻ പറഞ്ഞത്. എന്നാൽ
പുറത്തുവന്ന വിഡിയോയെക്കുറിച്ച് അറിയില്ലെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രതികരണം. കൂടോത്രം നടന്നിട്ടുണ്ടോയെന്ന് വീഡിയോ പുറത്തുവിട്ടവരോടു തന്നെ ചോദിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടോത്ര വിവാദം വി.എം. സുധീരന്റെ കാലത്തും
നേരത്തെ, വി.എം.സുധീരൻ കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന സമയത്തും 'കൂടോത്ര'വിവാദം ഉയർന്നിരുന്നു. കുമാരപുരത്തെ വീട്ടിൽനിന്നും ഒൻപതു തവണ കൂടോത്രം കണ്ടെത്തിയെന്നായിരുന്നു അന്ന് സുധീരൻ തന്നെ വെളിപ്പെടുത്തിയത്.