കണ്ണൂർ: പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എടുക്കണമെന്ന് ആസൂത്രണ സമിതി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണത്തിൽ ചില സർക്കാർ സ്ഥാപനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ഇതിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്റ് പറഞ്ഞു.
പൊതു സ്ഥലങ്ങൾ വൃത്തിയാക്കിയാലും ചിലർ വീണ്ടും മാലിന്യം വലിച്ചെറിയുന്ന പ്രവണതയുണ്ട്. ആവശ്യത്തിന് എം.സി.എഫ് ഇല്ലാത്ത തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഉള്ളവ വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉണ്ട്. ഇതിനും പരിഹാരം കാണണം. ശുചിത്വ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട 2023 -24 സാമ്പത്തിക വർഷത്തെ പൂർത്തിയാക്കുവാനുള്ള പദ്ധതികൾ എത്രയും പെട്ടെന്ന് നടപ്പാക്കണം.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോ: ഡയറക്ടർ സെറീന റഹ്മാൻ മാലിന്യമുക്ത നവകേരളം പരിപാടിയുമായി ബന്ധപ്പെട്ട ജില്ലയുടെ സ്‌കോർ കാർഡിന്റെ പ്രസന്റേഷൻ നടത്തി. മാലിന്യ മുക്തം നവ കേരളം പരിപാടി ജില്ലയുടെ പ്രവർത്തന പുരോഗതി, ആരോഗ്യ ഗ്രാന്റ് വിനിയോഗം ( 2021 -22, 2023- 23) പുരോഗതി, നഗരസഞ്ചയ പദ്ധതി പുരോഗതി എന്നിവ യോഗം അവലോകനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, അസി. കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ 2023-24 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് കണ്ണൂർ ജില്ലയാണ്. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിൽക്കുന്ന പോരായ്മകൾ പരിഹരിച്ച് മുന്നേറാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സജീവമായി ഇടപെടണം.
ജില്ലാ കളക്ടർ അരുൺ കെ.വിജയൻ
എൻ.എച്ച്.എം: കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹം
നാഷണൽ ഹെൽത്ത് മിഷൻ ഹെൽത്ത് ഗ്രാന്റിന്റെ ഭാഗമായി ജില്ലയിലെ ഭൂരിപക്ഷം ആരോഗ്യ കേന്ദ്രങ്ങളും സമീപകാലത്താണ് നവീകരിച്ചത്. അതിനാൽ ആരോഗ്യ കേന്ദ്രങ്ങളുടെ നിറം മാറ്റിയാൽ മാത്രമെ ഫണ്ട് തരികയുള്ളു എന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുവാൻ ആസൂത്രണ സമിതിയും ഡി.എം.ഒ ഓഫീസും ചേർന്ന് നടപടി സ്വകീരിക്കണമെന്നും ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി.ദിവ്യ പറഞ്ഞു.