counsiling

കണ്ണൂർ: വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും മാനസിക സമ്മർദ്ദം കുറക്കുന്നതിനും അത്യന്താപേക്ഷിതമായ സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നിയമനത്തിൽ താൽപര്യം കാണിക്കാതെ സർക്കാർ.സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസിലർമാരെ നിയമിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് നിയമനം പരിഗണിക്കാത്തത്.

കൗമാരപ്രായക്കാർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം നിർബന്ധമാണ്. അഞ്ചാം ക്ളാസ് മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്കാണ് സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം നിർദ്ദേശിക്കുന്നത്. നിലവിൽ രണ്ടുമുതൽ അഞ്ചുവരെ സ്കൂളുകൾക്ക് ഒരു കൗൺസിലർ എന്ന നിലയിലാണ് സേവനം. കൗൺസിലിംഗിന്റെ രഹസ്യസ്വഭാവം നിലനിർത്താൻ സ്‌കൂളുകളിൽ കൗൺസിലർമാർക്ക് പ്രത്യേക മുറികൾ നൽകണമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ല. ലൈബ്രററി, ലാബുകൾ എന്നിവിടങ്ങളിൽ വച്ചാണ് ഭൂരിഭാഗം സ്‌കൂളുകളിലും കൗൺസിലർമാർ കുട്ടികളോട് സംസാരിക്കുന്നത്. ഇത് കുട്ടികൾക്ക് പ്രശ്നങ്ങൾ തുറന്ന് പറയുന്നതിന് തടസ്സമാകുന്നു.

ജില്ലയിൽ സ്കൂളുകൾ 1279

എച്ച്.എസ്.എസ് 129

ഹൈസ്കൂൾ 157

യു.പി 302

കൗൺസിലർമാർ 94

ലക്ഷ്യം കൗമാര ശാക്തികരണം

കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ സ്‌കൂളുകളിൽ കൗൺസിലർമാരെ ബ്ലോക്ക് തലത്തിൽ നിയമിക്കുന്നത്. നിലവിൽ ജോലിഭാരം മൂലം കൗൺസിലർമാർക്ക് ഒരു സ്കൂളിൽ പോലും കൃത്യമായി തന്റെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.ഒന്നിൽ കൂടുതൽ സ്‌കൂളുകളിൽ പോകേണ്ടി വരുമ്പോൾ കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും അത് ഫോളോ അപ്പ് ചെയ്യാനും ഇവർക്ക് സാധിക്കുന്നില്ല.

ചെറുതല്ല സേവനം

പോക്‌സോ കേസുകൾ, വഴക്കിട്ട് വീടുവിടുന്ന കുട്ടികൾ, ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികൾ, ലഹരി കേസുകളിൽ ഉൾപ്പെടുന്നവർ ഇവയുടെയെല്ലാം തുടക്കം അറിയാൻ കഴിഞ്ഞാൽ കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും. പോക്‌സോ കേസുകളിൽ ഇത്തരം സൈക്കോ സോഷ്യൽ കൗൺസിലർമാരാണ് ഇരകളായ കുട്ടികളുടെ മൊഴിയെടുക്കുന്നത്.

തടസമായി എംപ്ളോയ് മെന്റ് എക്സ്ചേഞ്ച് നിയമനവും

മുമ്പ് ജില്ലാതലത്തിൽശിശു വികസന വകുപ്പും ജില്ലാ പഞ്ചായത്തും കൂടി ഇന്റർവ്യൂ നടത്തിയായിരുന്നു കൗൺസിലർമാരെ കണ്ടെത്തിയിരുന്നത്. കരാർ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാക്കിയതോടെ മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും സാദ്ധ്യതയായി. നിയമനം നേടിക്കഴിഞ്ഞാൽ ഇവരിൽ പലരും വൈകാതെ രംഗം വിടുന്നു.ഇങ്ങനെ ഒഴിയുന്ന തസ്തികകളിൽ നിയമനം വൈകുമ്പോൾ പലവിധ പ്രശ്നങ്ങളുടെ നടുവിൽപെട്ട കുട്ടികളെയാണ് അന്തിമമായി ബാധിക്കുന്നത്.

കൗൺസിലർമാരുടെ മുന്നിലേക്ക്

കൗമാരക്കാരുടെ മനസിക പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരം
വ്യക്തിത്വവികസനം
പഠനവൈകല്യം
മാനസിക വളർച്ച കൃത്യമാകുന്നതിനുള്ള ക്ളാസുകൾ
പരീക്ഷാഭീതി
കുടുംബപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ
ആത്മവിശ്വാസക്കുറവ്‌