fitness

കാസർകോട്: സ്കൂൾ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന അപേക്ഷ കേൾക്കാത്ത നഗരസഭയുടെ മുന്നിൽ സ്വന്തമായി കൂപ്പണടിച്ച് പിരിച്ചുണ്ടാക്കിയ കാശുകൊണ്ട് കുട്ടികൾക്കായി ഫിറ്റ്നസ് പാർക്ക് ഒരുക്കി കാണിച്ചുകൊടുത്ത് കാസർകോട് ടൗൺ ഗവ. യു.പി സ്കൂൾ. വാർഷികാഘോഷ ചിലവിനായി അടിച്ചിറക്കിയ കൂപ്പണിൽ നിന്നും ലഭിച്ച തുക കൊണ്ടാണ് ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നത്.

തിരക്കേറിയ നഗരത്തിന്റെ ഒത്ത നടുവിലുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു ഗ്രൗണ്ട് പോലുമില്ല. സ്കൂൾ വികസന സമിതിയും അദ്ധ്യാപക രക്ഷാകർതൃ സമിതിയുമാണ് ഇങ്ങനെയൊരു ദൗത്യത്തിന് പിന്നിൽ. കഴിഞ്ഞവർഷം വാർഷികാഘോഷം നടക്കുമ്പോഴാണ് സമ്മാന കൂപ്പൺ അടിച്ചു വിതരണം ചെയ്തത്. കൂപ്പൺ വഴി പിരിഞ്ഞു കിട്ടിയ തുകയിൽ നിന്ന് മിച്ചം വെച്ച 2.45 ലക്ഷം രൂപ ഉപയോഗിച്ചാണ് ഫിറ്റ്നസ് പാർക്ക് സ്ഥാപിക്കുന്നത്.

കളിസ്ഥലമില്ലാത്തതിനാൽ സ്കൂൾ കെട്ടിടങ്ങൾക്ക് ഇടയിലെ ചെറിയ സ്ഥലം പ്രയോജനപ്പെടുത്തിയാണ് വ്യായാമ കേന്ദ്രം ഉണ്ടാക്കുന്നത്. ഫിറ്റ്നസ് പാർക്കിന്റെ ഉപകരണങ്ങളും സാധനസാമഗ്രികളും വാങ്ങാൻ നിലവിൽ 2.55 ലക്ഷം ചിലവായി. കേന്ദ്രം പൂർത്തിയാകുമ്പോൾ മൂന്നു ലക്ഷത്തോളം രൂപയാകും. കൂപ്പൺ വിൽക്കുമ്പോൾ തന്നെ കിട്ടുന്ന പൈസയിൽ ഒറ്റ രൂപ പോലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അതിനാൽ മുഴുവൻ തുകയും ഇതിനുവേണ്ടി നീക്കിവയ്ക്കാനായി. ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ശാരീരികമായ ഉന്മേഷം നൽകുന്നതിന് വ്യായാമ കേന്ദ്രം ഉപകരിക്കും. സ്കൂൾ ബസ്സിൽ വരുന്ന കുട്ടികൾക്ക് രാവിലെ നേരത്തെ വന്നാലും വൈകുന്നേരം ബസ് കാത്തിരിക്കുന്നത് വരെയും വ്യായാമം ചെയ്യാനുള്ള അവസരവും ലഭിക്കും. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ വ്യായാമം ആവശ്യമാണെന്ന പാഠം പകരുക കൂടിയാണ് ഇതിലൂടെ.

പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം, എസ്.എം.സി ചെയർമാൻ കെ.വി. ലൈജുമോൻ, മുൻ പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ഹെഡ്മിസ്ട്രസ് ഡി. വിമല കുമാരി, സ്റ്റാഫ് സെക്രട്ടറി എ. ശ്രീകുമാർ, വി. റാംമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.