കണ്ണൂർ: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിൽ പനിയും പകർച്ചവ്യാധികളും വർദ്ധിച്ച് സർക്കാർ ആശുപത്രികളിലെ തിരക്ക് ക്രമാതീതമായി വരുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ആകെ 531 ഡോക്ടർമാരുടെ തസ്തികകൾ മാത്രം നിലനിൽക്കുന്ന ജില്ലയിൽ 81 ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനുണ്ട്. ഇത് ഡോക്ടർമാരുടെ ജോലി സമ്മർദ്ദം കൂട്ടി ആശുപത്രികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു.
ഈ സാഹചര്യത്തിൽ ഡോക്ടർമാരെ അനാവശ്യമായി വി.ഐ.പി ഡ്യൂട്ടികൾക്കുംചട്ടവിരുദ്ധമായ ക്യാമ്പുകൾക്കും നിയോഗിക്കുന്നതിലും സംഘടന വിയോജിപ്പ് രേഖപെടുത്തി. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ജനകീയമാക്കുന്നതിന് നേതൃത്വം നൽകുന്ന ഡി.എം.ഒ ഡോ.പീയൂഷ് എം.നമ്പൂതിരിപ്പാടിനെയും ഡെപ്യൂട്ടി ഡി.എം.ഒ മാരെയും ജീവനക്കാർ ചേർന്ന് ഘരാവോ ചെയ്തതിൽ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു.