misty-

കാസർകോട്: പൊലീസ് ഉദ്യോഗസ്ഥർക്ക് കേസ് തെളിയിക്കുന്നതിൽ അന്വേഷണ മികവ് പ്രകടിപ്പിച്ചു വരുന്ന കാസർകോട് ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ ഒരു നവാഗത കൂടി ഇന്നലെ എത്തിച്ചേർന്നു. 'ബെൽജിയം മെലനോയ്സ് ' വിഭാഗത്തിൽപ്പെട്ട ട്രാക്കർ ഇനം നായയാണ് ഡോഗ് സ്‌ക്വാഡിൽ എട്ടാമനായി ജോയിന്റ് ചെയ്തത്. കള്ളന്മാരെയും കൊലപാതകികളെയും പിന്തുടർന്ന് പിടിക്കാൻ കഴിയുന്ന ട്രാക്കർ നായക്ക് മിസ്റ്റി എന്നാണ് പേരിട്ടിരിക്കുന്നത്.

കാസർകോട് ഡോഗ് സ്‌ക്വാഡിൽ നിലവിൽ ഏഴ് പൊലീസ് നായകൾ ഉണ്ട്. ഇവയിൽ ട്രാക്കർ വിഭാഗത്തിൽ രണ്ട് നായകൾ. ഒൻപതു വർഷമായി കാസർകോട്ടുള്ള റൂണി എന്ന നായയുടെ സർവ്വീസ് അവസാനിച്ചതിനാൽ പകരക്കാരിയായാണ് മിസ്റ്റിയുടെ വരവ്. മിസ്റ്റി ട്രെയിനിംഗ് കഴിഞ്ഞു വന്നാൽ ഉടൻ റൂണിയെ പിൻവലിക്കും.

തൃശ്ശൂരിലെ പരിശീലന കേന്ദ്രത്തിൽ മിസ്റ്റിക്ക് ഒൻപതു മാസത്തെ പരിശീലനം നൽകും.സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, രാഗേഷ് എന്നിവർ മിസ്റ്റിയുടെ ട്രെയിനർമാർ. ഇവരും തൃശൂരിൽ ട്രെയിനിംഗിനായി പോകുന്നുണ്ട്. കോൺട്രാക്ടർ പുല്ലൂർ ഉദയപുരത്തെ മാവിലം വീട്ടിൽ രവിനമ്പ്യാർ ആണ് മിസ്റ്റിയെ കാസർകോട് ഡോഗ് സ്‌ക്വാഡിന് കൈമാറിയത്. കാസർകോട് ക്യാമ്പിൽ നടന്ന ചടങ്ങിൽ രവിനമ്പ്യാരിൽ നിന്ന് ജില്ലാ പൊലീസ് മേധാവി പി.ബിജോയ് മിസ്റ്റിയെ ഏറ്റുവാങ്ങി. അസിസ്റ്റന്റ് കമാൻഡർ ഇ.വി.പ്രവി, ഡോഗ് സ്‌ക്വാഡിന്റെ ചുമതല വഹിക്കുന്ന ലോഹിതാക്ഷൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.