social-media

പയ്യന്നൂർ: ഫിസിയോതെറാപ്പി സെന്ററിൽ പീഡനത്തിനിരയായ യുവതിയെ സോഷ്യൽമീഡിയ വഴി അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പ്രതിയുടെ ഭാര്യക്കും സഹോദരനുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പീഡനക്കേസിലെ പ്രതി ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരൻ ഡോ.വരുൺ നമ്പ്യാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പീഡനകേസിൽ അറസ്റ്റിലായ പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തെ ആരോഗ്യ വെൽനസ് ക്ലിനിക് ഫിറ്റ്നസ് ആൻഡ് ജിം ഉടമ ശരത് നമ്പ്യാർ റിമാൻഡിലാണുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെപിതാവിനൊപ്പം ഫിസിയോതെറാപ്പി ചെയ്യാനെത്തിയ തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് ശരത് നമ്പ്യാരെ അറസ്റ്റ് ചെയ്തത്.

ഇതിനു പിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പീഡനത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും സ്‌ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിൽ പ്രചാരണം നടത്തുകയും യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച് യുവതി മുഖ്യമന്ത്രിക്കും കണ്ണൂർ റൂറൽ പൊലീസ് മേധാവിക്കും പയ്യന്നൂർ ഡിവൈ.എസ്‌.പിക്കും പരാതി നൽകുകയായിരുന്നു. തുടർന്നാണ് ശരത് നമ്പ്യാരുടെ ഭാര്യയേയും സഹോദരനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തത്.ഇരയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിള അസ്സോസിയേഷനും ആവശ്യപ്പെട്ടിരുന്നു.