കണ്ണൂർ: പിടിയിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പാനൂർ ബോംബ് സ്‌ഫോടനക്കേസിലെ 3പ്രതികൾക്ക് ജാമ്യം ലഭിച്ചു. ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി അരുൺ,നാലാം പ്രതി സബിൻ ലാൽ, അഞ്ചാം പ്രതി അതുൽ എന്നിവർക്കാണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് ഒന്നാം പ്രതിയും ബോംബ് നിർമ്മാണത്തിന്റെ സൂത്രധാരനുമായ വിനീഷിനെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റിലായത്. രണ്ടാം പ്രതി ഷെറിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായിട്ടും കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചില്ല. ബോംബ് നിർമ്മാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണെന്നാണ് പൊലീസ് പറയുന്നത്.