പേരാവൂർ: വഴിതെറ്റി പേരാവൂർ പെരുമ്പുന്നയിലെത്തിയ വൃദ്ധയെ തിരികെ വീട്ടിലെത്തിച്ചു പേരാവൂർ പൊലീസ്.
മാലൂർ അരിങ്ങോട്ട് വയൽ അരയാലിൻകീഴിൽ നാണിയാണ് (75) പെരുമ്പുന്നയിലെ പുത്തൻ പുരയിൽ ഡെയ്സിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെ വഴി തെറ്റിയെത്തിയത്.
സംഭവ സമയത്ത് ഡെയ്സിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഡെയ്സിയുടെ വീട്ടുമുറ്റത്തിരിക്കുന്ന അപരിചിതയായ വൃദ്ധയെ അയൽവാസികളാണ് ആദ്യം കണ്ടത്. അടുത്തെത്തി അന്വേഷിച്ചപ്പോൾ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നത് കണ്ട് വിവരം വാർഡ് മെമ്പർ വി.എം.രഞ്ചുഷയെ വിളിച്ചറിയിച്ചു. ഇവർ സ്ഥലത്തെത്തി തിരക്കിയിട്ടും മറുപടി വ്യക്തമായി ലഭിക്കാത്തതിനെത്തുടർന്ന് പേരാവൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കാര്യങ്ങൾ തിരക്കിയപ്പോൾ മാലൂർ എന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചു. വൃദ്ധയുടെ ചിത്രം പകർത്തി മാലൂർ പൊലീസിന് കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലൂർ അരിങ്ങോട്ടുവയൽ സ്വദേശി നാണിയാണെന്ന് മനസിലായത്.
ഓർമ്മക്കുറവുള്ള ഇവർ വീട്ടിൽ നിന്നിറങ്ങി വഴിതെറ്റിയാണ് പെരുമ്പുന്നയിലെത്തിയത്. ഒടുവിൽ പേരാവൂർ പൊലീസ് വാഹനത്തിൽ കയറ്റി മാലൂർ അരിങ്ങോട്ട് വയലിലെ സ്വന്തം വീട്ടിൽ എത്തിക്കുകയായിരുന്നു. പൊരാവൂർ എസ്.എച്ച്.ഒ ശ്യാമിന്റെ നേതൃത്വത്തിൽ ഇ.എച്ച്.മുഹമ്മദ് റഷീദ്, കെ.ടി.ലിഷ, ടി. പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് വൃദ്ധയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.