കണ്ണൂർ: എടക്കാട് മാളികപറമ്പ് ശാന്തിതീരം ശ്മശാനത്തിന് സമീപത്തെ പറമ്പിൽ പുലിയെ കണ്ടതായി നാട്ടുകാർ. പ്രദേശത്തെ സ്ത്രീകളാണ് പറമ്പിൽ പുലി കിടക്കുന്നതായി കണ്ട വിവരം അറിയിച്ചത്. നേരിൽ കണ്ടവർ കണ്ടത് നൂറ് ശതമാനവും പുലി തന്നെയാണെന്നാണ് ഉറച്ച് പറയുന്നത്. മാളികപറമ്പ് പറമ്പിൽ ഹൗസിലെ ശാന്തയും മകൾ രേഷ്മയുമാണ് ആദ്യം കണ്ടത്. കുറ്റിക്കാട്ടിൽ കിടക്കുയായിരുന്നുവ ത്രെ. ഇതോടെ ഈ പ്രദേശമാകെ ഭീതിയിലാണ്.

വ്യാപക പരിധോനയ്ക്ക് ഒരുങ്ങുകയാണ് വനം വകുപ്പ്. പൊലീസും വനം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ പുലിയുടേതായ മറ്റ് തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മറ്റ് ജീവികളെ കൊന്നതായോ തെരുവുനായകളുടെ എണ്ണം കുറഞ്ഞതായോ സൂചന ലഭിച്ചിട്ടില്ല. മഴക്കാലമായതിനാൽ കാൽപ്പാട് ലഭിക്കാനുള്ള സാദ്ധ്യതയുമില്ല. കാട്ടുപൂച്ച, കുറുനരി തുടങ്ങിയ ജീവികളാകാമെന്ന സാദ്ധ്യത അധികൃതർ പറഞ്ഞു. നാട്ടുകാർ തുടർച്ചയായി പുലിയെ കണ്ടുവെന്നു പറയുന്ന

സാഹചര്യത്തിൽ പരിസരത്ത് പരിശോധന കർശ്ശനമാക്കാനുള്ള തീരുമാനത്തിലാണ് വനം വകുപ്പ്.

അന്നു പുലർച്ചെയും പുലിയെ കണ്ടെന്ന്

കഴിഞ്ഞ 29 ന് ആണ് മാളികപറമ്പ് ഗ്യാസ് ഗോഡൗണിന് സമീപം പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ചത്. ഗ്യാസ് ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുകളിലായാണ് പുലിയെ കണ്ടത്. രാവിലെ 5.30 തോടെ ഗ്യാസ് എടുക്കാനായി എത്തിയ ലോറിയുടെ ഡ്രൈവറും ക്ലീനറുമാണ് പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വലിയൊരു ശബ്ദം കേട്ട് നോക്കിയപ്പോൾ വീടിന്റെ മുകളിലെ ഷീറ്റിൽ പുലി നിൽക്കുന്നത് കണ്ടെന്നാണ് ലോറി ഡ്രൈവർ പറഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും എടക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് മുൻപ് മാമക്കുന്ന് പ്രദേശത്ത് പുലിയെ കണ്ടതായി സംശയത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.