vd-car-
കാസർകോട് പള്ളിക്കരയിൽ എസ് കോർട്ട് വാഹനത്തിൽ ഇടിച്ചു തകർന്ന പ്രതിപക്ഷ നേതാവിന്റെ കാർ

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനം പൊലീസ് ജീപ്പിലിടിച്ചു. ആർക്കും പരിക്കില്ല. കാറിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇന്നലെ വൈകിട്ട് അഞ്ചേകാലിന് പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. പള്ളിക്കര പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ഓട്ടോ പെട്ടെന്ന് റോഡിലേക്ക് കയറിയപ്പോൾ മുന്നിൽ എസ്കോർട്ട് പോവുകയായിരുന്ന പൊലീസ് ജീപ്പ് ബ്രേക്കിടുകയായിരുന്നു. തൊട്ടുപിന്നാലെയുണ്ടായിരുന്ന കാർ ജീപ്പിന്റെ പിറകിൽ ഇടിച്ചു. കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. മറ്റൊരു കാറിൽ പ്രതിപക്ഷനേതാവ് യാത്ര തുടർന്നു.