vellad

കേരളകൗമുദിവാർത്തയുടെ അടിസ്ഥാനത്തിൽ പുതിയ കെട്ടിടത്തിന് രണ്ടുവർഷം മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും അനുമതി പത്രം ലഭിച്ചില്ല

ആലക്കോട്: സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വില്ലേജ് ഓഫീസുകളും സ്മാർട്ടായി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും മുന്നിൽ പ്ളാസ്റ്റിക് ഷീറ്റ് കെട്ടിയ കെട്ടിടത്തിൽ ശ്വാസംമുട്ടുകയാണ് വെള്ളാട് വില്ലേജ് ഓഫീസ്.ആലക്കോട്,നടുവിൽ ,ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഉൾപെടുന്ന വിസ്തൃതമായ വില്ലേജിന്റെ ദൈന്യംദിന പ്രവർത്തനങ്ങൾ നടക്കുന്നത് കരുവൻചാൽ പാലത്തിന് സമീപത്തെ ഈ രണ്ടുമുറികെട്ടിടത്തിലാണ്.

സമീപകാലംവരെ സംസ്ഥാനത്തെ ഏറ്റവും വിസ്തൃതിയുള്ള വില്ലേജ് ആയിരുന്നു വെള്ളാട് വില്ലേജ്.ഉദയഗിരി പഞ്ചായത്തിൽ വില്ലേജ് ഓഫീസ് വന്നതോടെയാണ് വിസ്തൃതി അൽപം കുറഞ്ഞത്. അത്യന്തം ദൈന്യത നിറഞ്ഞ കാഴ്ചയാണ് ഈ ഓഫീസിൽ.വിലയേറിയ ഫയലുകൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മുറിക്കുള്ളിൽ അട്ടിയിട്ടിരിക്കുന്നു. സൂക്ഷിക്കാൻ അലമാരകളോ മറ്റ് സംവിധാനങ്ങളോ ഇല്ല. വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് നിന്നുതിരിയാൻ പോലും സൗകര്യമില്ല.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഊർദ്ധശ്വാസം വലിക്കുന്ന ഈ വില്ലേജ് ഓഫീസിന്റെ ദുരവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജോൺ ബ്രിട്ടാസ് എം.പി സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതിയുമൊരുങ്ങിയതാണ്. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും തുടർനടപടിയുണ്ടായില്ല. ഓഫീസ് ജോലികൾക്കായുള്ള കമ്പ്യൂട്ടർ സൂക്ഷിക്കുന്നതിന് പോലും പറ്റിയ അവസ്ഥയല്ല അകത്ത്.

വരുമാനമുണ്ട്,​ സ്മാർട്ടാക്കാൻ പണമില്ല

സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന വില്ലേജ് ഓഫീസ് സ്മാർട്ട് ആക്കാൻ പണമില്ല. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അനുമതി പത്രവും ടെക്നിക്കൽ അംഗീകാരവും ലഭിക്കാത്തതിനാൽ തുടർനടപടി വൈകുകയാണ്. ഏഴ് സെന്റിലധികം സ്ഥലം സ്വന്തമായി ഉള്ളതിനാൽ ടെൻഡർ വിളിച്ചു നിർമ്മാണം ആരംഭിക്കാൻ തടസ്സമൊന്നുമില്ല. വെള്ളാട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തടസമായി നിൽക്കുന്നത് സർക്കാരിന്റെ മോശം സാമ്പത്തികസ്ഥിതിയാണെന്ന് സൂചനയുണ്ട്.വിസ്തൃതമായ മലയോരമേഖലയിൽ എത്തിച്ചേരുന്നതിന് വാഹനം അനുവദിക്കാത്തതും ഉദ്യോഗസ്ഥർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.