vaasha
മഴക്കെടുതിയിൽ നശിച്ച വാഴകൾ

കൃഷി നാശം 64.87 ഹെക്ടറിൽ നഷ്ടം 2.63 കോടി രൂപ

കണ്ണൂർ: കൊടും വേനലിനു പിറകെ കനത്തമഴയും എത്തിയതോടെ കർഷകരുടെ അക്കൗണ്ടിൽ നഷ്ടക്കണക്കു മാത്രം. വ്യാപക മഴയിൽ ജില്ലയിൽ 64.87 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കണക്ക്. 2.63 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഏത്തവാഴ, പച്ചക്കറി എന്നിവയ്ക്കാണ് നഷ്ടം ഏറെയുണ്ടായത്. ഓണം വിപണി ലക്ഷ്യമിട്ടു കൃഷി ചെയ്തിരുന്ന ഏത്തവാഴയാണ് നശിച്ചവയിൽ ഏറെയും. വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്ത് വിളവെത്താറായ കുലകൾ നഷ്ടമായത് കർഷകർക്ക് വൻ തിരിച്ചടിയായി.

കഴിഞ്ഞ മേയ് മാസത്തിലുണ്ടായ വേനൽമഴയിലും വാഴ കൃഷി വ്യാപകമായി നശിച്ചിരുന്നു. 26,420 കുലച്ച വാഴകളും 10,850 വാഴകളുമാണ് ഇതുവരെ നശിച്ചത്. 608 കർഷകർക്കാണ് കനത്ത നഷ്ടമുണ്ടായത്.

ഇത്തവണത്തെ കൊടും വേനലിൽ ജലദൗർലഭ്യം മൂലം വാഴ കരിഞ്ഞു വീണും വൻ നാശം നേരിട്ടിരുന്നു. പാട്ടത്തിനു ഭൂമിയെടുത്തും മറ്റുംകൃഷി നടത്തിയവർക്കാണ് കാലാവസ്ഥ തിരിച്ചടിയായത്. വാഴ കർഷകരിൽ നല്ലൊരു പങ്കും വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നവരല്ല. അപേക്ഷിച്ച് ഒന്നര വർഷം കഴിഞ്ഞാണ് പലപ്പോഴും നഷ്ടപരിഹാരം ലഭിക്കുക.

ഇക്കൊല്ലം മാർച്ച് 31 വരെയുള്ള ബില്ലുകൾ പാസായിട്ടുണ്ടെന്ന് കൃഷിവകുപ്പ് പറയുന്നു. ഇത്തവണ കാലവർഷക്കെടുതിയിലെ നഷ്ടപരിഹാരത്തിന് ഇതിനകം 307 പേരാണ് അപേക്ഷിച്ചത്. വിള ഇൻഷുറൻസിനായി 48 പേരും അപേക്ഷിച്ചു. ഇതിൽ 27 അപേക്ഷ അംഗീകരിച്ചു. കുലച്ച വാഴകൾക്ക് 1.58 കോടി രൂപയും അല്ലാത്തവയ്ക്ക് 43.40 ലക്ഷം രൂപയുമാണ് ഔദ്യോഗികമായി നഷ്ടം കണക്കാക്കിയിരിക്കുന്നത്.

കൂടുതൽ നാശം മലയോരത്ത്

പതിവുപോലെ ഇത്തവണയും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലയോരത്താണ്. കർഷകർ കൃഷിഭവനുകൾ മുഖേന നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പ, തെങ്ങ് തുടങ്ങിയവയ്ക്കും നാശമുണ്ടായി. റബ്ബർ കർഷകർക്ക് 31 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 257 കർഷകരുടെ ടാപ്പിംഗ് നടത്തുന്ന 1408ഉം അല്ലാത്ത 210ഉം റബ്ബർമരങ്ങളാണ് നശിച്ചത്. 271 കർഷകരുടെ 345 തെങ്ങുകൾ നശിച്ചു.

കൃഷിഭവനുകളിൽ അറിയിക്കണം
കൃഷിനാശമുണ്ടായാൽ കർഷകർ എത്രയും പെട്ടെന്ന് അതത് കൃഷിഭവനുകളിൽ അറിയിക്കണം. തുടർന്ന് കർഷക ഐ.ഡി. തയാറാക്കി എയിംസ് പോർട്ടലിൽ ഓൺലൈനായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. കൃഷിനാശത്തിന്റെ ഫോട്ടോ അടക്കം ഇതിൽ രേഖപ്പെടുത്തണം. 24 മണിക്കൂറിനകം കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രഥമവിവര പട്ടിക തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.