news
കേരള കൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത

ആലക്കോട്: വെള്ളാട് വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിർമ്മിക്കാൻ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിതിൽ 9 ലക്ഷം രൂപ ജി.എസ്.ടി. കാണിച്ചത് വിവാദമാകുന്നു.
എസ്റ്റിമേറ്റ് തുകയുടെ 18 ശതമാനം കരാറുകാരൻ ജി.എസ്.ടി.അടയ്ക്കണമത്രെ. ഇതു പ്രകാരം 45 ലക്ഷം രൂപയിൽ ജി.എസ്.ടി.തുകയായ 9 ലക്ഷം കഴിച്ചുള്ള 36 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണ ചിലവ്. എന്നാൽ കമ്പി, സിമന്റ്, ടൈൽസ് തുടങ്ങി നിർമ്മാണ സാമഗ്രികൾ വാങ്ങുമ്പോൾ അതിൽ ജി.എസ്.ടി.യും ഉൾപ്പെടും. ഒരേ സാധനങ്ങൾ വാങ്ങാനായി രണ്ട് പ്രാവശ്യം ജി.എസ്.ടി അടയ്‌ക്കേണ്ടതില്ല എന്നതിനാൽ സർക്കാരിൽ അടയ്‌ക്കേണ്ട ജി.എസ്.ടി സ്വാഭാവികമായും ഒഴിവാകും. ലേബർ ചാർജ്ജിന്റെ ഇനത്തിൽ 2 ലക്ഷം രൂപ മാത്രമാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ സർക്കാരിന് ജി.എസ്.ടി. അടയ്‌ക്കേണ്ടത്. ഈ ഇനത്തിൽ മാത്രം 7 ലക്ഷം രൂപയാണ് കരാറുകാരന് ലാഭമുണ്ടാവുക.

എന്നാൽ ഇക്കാര്യം മറച്ചുവെച്ച് കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേർന്ന് ഈ തുക അടിച്ചു മാറ്റുകയാണെന്നാണ് സംസാരം. സംസ്ഥാനത്ത് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളിലെല്ലാം കരാറുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ചേർന്ന് ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും തട്ടിയെടുക്കുന്നതത്രെ. കരാറുകാരന് എസ്റ്റിമേറ്റ് തുകയിൽ നിന്നും രണ്ടുതവണ ജി.എസ്.ടി. തുക കുറവ് ചെയ്തു കൊടുക്കുന്ന ലോബിക്കെതിരെ നടപടിയെടുക്കണമെന്നും സർക്കാർ ഖജനാവിന് ഇത്തരത്തിൽ നഷ്ടമായിട്ടുള്ള കോടിക്കണക്കിന് രൂപ കുറ്റക്കാരായവരിൽ നിന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.