music
ആനന്ദഭവനം തുരീയം സംഗീതോത്സവം സമാപനം പയ്യന്നൂരിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉൽഘാടനം ചെയ്യുന്നു

പയ്യന്നൂർ: കഴിഞ്ഞ 41 ദിവസമായി പയ്യന്നൂരിന്റെ സന്ധ്യാരാവുകൾക്ക് ശുദ്ധ സംഗീതത്തിന്റെ അമൃത വർഷിണി പകർന്നു നൽകിയ തുരീയം സംഗീതോത്സവത്തിന് പരിസമാപ്തി. പോത്താങ്കണ്ടം ആനന്ദഭവനം ആതിഥ്യമരുളിയ പത്തൊമ്പതാമത് സംഗീതോത്സവത്തിന് ഞായറാഴ്ച രാത്രിയോടെയാണ് തിരശ്ശീല വീണത്.

ശുദ്ധസംഗീതത്തിന്റെ പെരു മഴക്കാലത്തിന് തുടക്കം കുറിച്ച് സംഗീതാചാര്യൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടങ്ങി

വെച്ച രാഗസുന്ദര രാവുകൾ കൊടിയിറങ്ങിയത് ഹിന്ദുസ്ഥാനി സംഗീത ലോകത്തിന്റെ ഹരിത സാന്നിദ്ധ്യമായ സുമിത്ര ഗുഹയുടെ വായ്പാട്ടോടെയാണ്. നേരിയ ശബ്ദവീചികളിൽ തുടങ്ങി അപൂർവവും സാധാരണവുമായ ഹിന്ദുസ്ഥാനി രാഗങ്ങളുടെ പ്രവാഹമൊരുക്കിയാണ് സുമിത്ര സംഗീതാസ്വാദകരുടെ ഹൃദയത്തിൽ കുളിർ കോരിയിട്ടത്. പാട്ടുകാരിയുടെ പാട്ടിനൊപ്പം ഹാർമോണിയത്തിൽ ശ്രീധർ ഭട്ടും, തബലയിൽ വിഘ്നേഷ് കമ്മത്തും, കൂടെ പാടാൻ വിഘ്നേഷ് ചാറ്റർജിയും ഒപ്പം ചേർന്നപ്പോൾ അവസാന ദിവസത്തെ കച്ചേരി ഭാവദീപ്തമായി.

സമാപന സമ്മേളനം ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ തുരീയം സുവർണ്ണ കീർത്തി മുദ്ര പുരസ്കാരം എ.ഡി.ജി.പിയും സംഗീതജ്ഞനുമായ എസ്. ശ്രീജിത്തിന് സ്വാമി കൃഷ്ണാനന്ദ ഭാരതി സമ്മാനിച്ചു. ലഫ്. ജനറൽ വിനോദ് നായനാർ, റിയർ അഡ്മിറൽ കെ. മോഹനൻ എന്നിവരെ ആദരിച്ചു. ടി. പത്മനാഭൻ, ലോക നാഥ് ബഹ്റ, തോംസൺ ജോസ്, കേണൽ പരംവീർ സിംഗ് നാഗ്ര, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര സംവിധായകൻ കമൽ, മീര വിജയ്, ആഹ്ന വൃന്ദ എന്നിവർ സംസാരിച്ചു. രാത്രി പഞ്ചരത്ന കീർത്തനാലാപനത്തോടെയാണ് 41 ദിവസത്തെ സംഗീതോത്സവത്തിന് പരിസമാപ്തിയായത്.