പരിയാരം: സ്‌റ്റൈപ്പന്റ് വർദ്ധനവിൽ നിർബന്ധിത സേവനം ചെയ്യുന്ന നഴ്സുമാരെയും എം.എസ്.സി നഴ്സിംഗ് സ്റ്റുഡന്റ്സിനെയും അവഗണിച്ചതിൽ കേരളാ ബി.എസ്.സി നഴ്സിംഗ് അസോസിയേഷൻ പ്രതിഷേധിച്ചു. കേരളത്തിലെ ഗവ. മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിവിധ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ ഇന്റേൺ, പി.ജി വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പന്റ് വർദ്ധിപ്പിച്ചപ്പോൾ നിർബന്ധിത സേവനം ചെയ്യുന്ന നഴ്സുമാരെയും എം.എസ്.സി നഴ്സിംഗ് സ്റ്റുഡന്റ്സിനെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരളാ ബി.എസ്.സി നഴ്സിംഗ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നഴ്സിംഗ് കോളേജുകളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
മെഡിക്കൽ കോളേജുകളിലെ നഴ്സുമാരുടെ കനത്ത എണ്ണക്കുറവിനിടയിലും അവർക്ക് തുല്യമായ ജോലി നിർബന്ധിത സേവനം ചെയ്യുന്ന നഴ്സുമാർക്ക് 2019 വരെ സ്റ്റാഫ് നഴ്സിന്റെ അടിസ്ഥാന ശമ്പളം നൽകി വന്നിരുന്നു. എന്നാൽ 2020 മുതൽ ഇവർക്ക് 16,900 എന്ന നാമമാത്രമായ സ്‌റ്റൈപ്പന്റ് ആണ് നൽകിവരുന്നത്. ഇതേ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 ആയിരിക്കെയാണ് ഈ അനീതി. ഓരോ വർഷവും അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ഗവ.മെഡിക്കൽ കോളേജുകളിൽ നിർബന്ധിത സേവനം ചെയ്യുന്നത്. 500 ബെഡിനു മുകളിലുള്ള ആശുപത്രികളിൽ രജിസ്‌ട്രേഡ് നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 28,000 എങ്കിലും നൽകണമെന്ന 2018 ലെ സുപ്രീം കോടതി നിർദേശം നിലനിൽക്കെ ആണ് ഇവർക്ക് ഇത്ര തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്നത്.
ഇതുപോലെ തന്നെ ദിവസം 12 മണിക്കൂർ വാർഡിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് പി.ജി വിദ്യാർത്ഥികളുടെയും സ്‌റ്റൈപ്പന്റ് 17,000 രൂപയാണ്. ഇതുതന്നെയും അവസാനമായി വർദ്ധിപ്പിച്ചത് എട്ട് വർഷങ്ങൾക്ക് മുമ്പ് 2017 ലാണ്. കേരളത്തിലെ മറ്റെല്ലാ മെഡിക്കൽ വിദ്യാർത്ഥികളുടെയും സ്‌റ്റൈപ്പന്റ് വർദ്ധിപ്പിക്കുമ്പോൾ നഴ്സിംഗ് വിഭാഗത്തെ മാത്രം മനഃപൂർവം മാറ്റി നിർത്തുകയാണെന്നും സംഘടന ആരോപിച്ചു. നഴ്സിംഗ് വിഭാഗത്തിന്റെ ന്യായമായ സ്റ്റൈപ്പന്റ് ഉറപ്പാക്കാൻ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് മിൽക്കാ ജോസഫും സെക്രട്ടറി എ.ഫാത്തിമയും അറിയിച്ചു.