തളിപ്പറമ്പ്:: കണ്ണൂർ റൂറൽ ജില്ലയിൽ നിന്നുമാത്രം സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് ഏഴര കോടിയോളം രൂപ.ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ജോലി വാഗ്ദാനം ചെയ്തുമൊക്കെയാണ് തട്ടിപ്പ്.
ഓൺലൈൻ ട്രേഡിംഗിൽ 2.5 കോടി തട്ടിയതാണ് കൂട്ടത്തിൽ ഏറ്റവും പ്രധാന തട്ടിപ്പ്. വ്യാജ അന്വേഷണ ചമഞ്ഞ് 13.75 ലക്ഷം രൂപയും തട്ടിയ മറ്റൊരു പരാതിയും പൊലീസിന് മുന്നിലുണ്ട്. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയിൽ 64 ലക്ഷം രൂപയും ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു തളിപ്പറമ്പ് സ്വദേശിയിൽ നിന്നും 32 ലക്ഷം രൂപയും തട്ടി.
ആമസോൺ ഓൺലൈൻ ഷോപ്പിംഗ് ആപ്പിൽ പ്രോഡക്ട് കാർട്ട് ചെയ്താൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് മാട്ടൂൽ സ്വദേശിയിൽ നിന്ന് 16 ലക്ഷം രൂപയാണ് തട്ടിയത്. മുംബൈ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറന്റുണ്ടെന്ന് ഭീഷണിപ്പെടുത്തി പയ്യന്നൂരിലെ ഡോക്ടറിൽ നിന്നും 10 ലക്ഷം രൂപയും തട്ടി. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് വാട്സാപ്പിലൂടെയാണ് സംഘം ഈ ഡോക്ടറോട് സംസാരിച്ചത്. എഫ്.ഐ.ആറിന്റെയും വാറന്റിന്റെയും വ്യാജ കോപ്പിയും സംഘം ഇദ്ദേഹത്തെ കാട്ടി ഭീഷണിപ്പെടുത്തി.
ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലത അറിയിച്ചു. അഡിഷണൽ എസ്.പി.സജീവ് കുമാർ, സ്‌പെഷൽബ്രാഞ്ച് ഡിവൈ.എസ്.പി സിബി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
റൂറൽ പൊലീസ് പരിധിയിൽ
ഈ വർഷം സൈബർ തട്ടിപ്പ് 300
തിരിച്ചുപിടിച്ചത് 3.75 ലക്ഷം