medical-college-rod
മെഡിക്കൽ കോളേജിലേക്കുള്ള വഴിയിൽ കല്ലും മണ്ണും കൂട്ടിയിട്ട നിലയിൽ

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള വഴി താറുമാറായി. ദേശീയപാതയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കയറുന്ന വഴിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണും കല്ലുകളും കൂട്ടിയിട്ടതിനാൽ മെഡിക്കൽ കോളേജ് കവാടത്തിലേക്ക് നടന്നു പോകാനാവാത്ത സ്ഥിതിയാണ്. വാഹനത്തിൽ വരുന്നവർക്ക് വലിയ പ്രശ്നങ്ങൾ നിലവിലില്ലെങ്കിലും ബസിൽ വന്നിറങ്ങി നടന്നു പോകുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്.

വളരെ പ്രധാനപ്പെട്ട ഒരു മെഡിക്കൽ കോളേജിലേക്കുള്ള വഴികൾ ഇത്തരത്തിൽ കുളം തോണ്ടി വെച്ചിട്ടും കരാറുകാർക്കോ ബന്ധപ്പെട്ട അധികാരികൾക്കോ യാതൊരു വിധ മനപ്രയാസവും കാണുന്നില്ല. നടന്നു വരുന്നവർ ഇത്തരത്തിൽ ദുരിതം അനുഭവിക്കട്ടെ എന്ന് അധികൃതർ തീരുമാനമെടുത്ത പോലെയാണ് കാര്യങ്ങൾ. നടന്നു പോകാനായി വഴി പ്രത്യേകമായി ഒരുക്കാൻ ഇവിടെ തടസങ്ങൾ ഒന്നുമില്ലെങ്കിലും ചെയ്യേണ്ടവർ അത് ചെയ്യുന്നില്ല.

നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ടവർക്ക് മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടും പ്രയോജനമില്ല. വൃദ്ധരായ രോഗികൾ ചെളിയിൽ വഴുതിവീണ് അപകടം പറ്റുന്നത് നിത്യസംഭവമായിട്ടും ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. അടിയന്തരമായി ഈ ഭാഗത്തെ തടസ്സങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരിക്കയാണ്.