കണ്ണൂർ: ആത്മഹത്യയിലടക്കം കലാശിച്ചിട്ടും പൊലീസ് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും ഓൺലൈൻ തട്ടിപ്പിന് തലവച്ചുകൊടുക്കുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. വഞ്ചിക്കപ്പെട്ട നൂറുകണക്കിന് പേരുടെ അനുഭവങ്ങളിൽനിന്നും പാഠം പഠിക്കാതെ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെയും ലോൺ ആപ്പിലൂടെയുമെല്ലാം വീണ്ടും വീണ്ടും കെണിയിലേക്ക് നീങ്ങുകയാണ് വലിയൊരു വിഭാഗമാളുകൾ.
ആഴ്ച്ചകൾക്ക് മുൻപാണ് ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ 1,08,95,000 രൂപ തട്ടിയെടുത്തതായുള്ള പരാതി കണ്ണൂർ സൈബർ പൊലിസിന് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 21ന് ട്രേഡിംഗിനായുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായാണ് കെണിയിൽ പെട്ടത്. ഷെയർ ട്രേഡിംഗിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിച്ച് ഗ്രൂപ്പിൽ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചതാണ് ഇത്രയും തുക നഷ്ടമായതിന് പിന്നിൽ.സോഷ്യൽ മീഡിയ വഴി ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ കണ്ണൂർ സ്വദേശിയുടെ ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതി ഉത്തർപ്രദേശ് സ്വദേശി അൽക്കാമയെകണ്ണൂർ സൈബർ ഇൻസ്‌പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിൽ വച്ച് അറസ്റ്റ് ചെയ്തത് ഈയിടെയാണ്.2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് കണ്ണൂർ സ്വദേശിയുടെ 1.57കോടി സംഘം തട്ടിയെടുത്തത്.
വലയിലാകുന്നതിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും
ഉയർന്ന വിദ്യാഭ്യാസമുള്ളവർപ്പോലും ഇത്തരം കെണികളിൽ ചെന്ന് വീഴുന്നുണ്ട്.വ്യാജ ഓൺലൈൻ ലോൺ ആപ്പ്, പാർട്‌ടൈം ജോലി വാഗ്ദാനം, പ്രമുഖ കമ്പനികളുടെ ഡീലർഷിപ്പ്, നിക്ഷേപത്തിനു ചുരുങ്ങിയ കാലത്തേക്കു വൻ പലിശ എന്നിവയ്ക്കു പുറമേ, ഓൺലൈൻ പ്രണയക്കെണിയിൽപെടുത്തിയും ജില്ലയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.വാട്സ് ആപ്പ്,ടെലിഗ്രാം തുടങ്ങിവയിൽ ലഭിക്കുന്ന വ്യാജ ലിങ്കുകളിൽ കയറി വഞ്ചിതരാകരുതെന്ന് സൈബർ പൊലീസ് പലപ്പോഴായി മുന്നറിയിപ്പ് നൽകുന്നുണ്ട്.പ്രായം ചെന്നവർ ഓൺലൈൻ തട്ടിപ്പിന് ഇരകളാകുന്നത് വർദ്ധിച്ചു വരികയാണ്.
കെണിയൊരുക്കി സോഷ്യൽമീഡിയയിലും
ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ സോഷ്യൽ മീഡിയയിലും സജീവമായിട്ടുണ്ട്. ആകർഷകമായ പരസ്യങ്ങൾ നൽകിയും പൊലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരോ ആണെന്ന് പറഞ്ഞ് ഭയപ്പെടുത്തിയും ഫോൺ കാളിലൂടെ ബന്ധപ്പെട്ടും പല വാഗ്ദാനങ്ങൾ നൽകിയുമൊക്കെയാണ് ഇരകളെ സംഘം കുടുക്കുന്നത്. നിരവധി സാധാരണക്കാരുടെ പണം ഈ വിധത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. .