mdma

തലശ്ശേരി: തലശ്ശേരിയിലും കതിരൂരിലും പൊലീസ് നടത്തിയ പരിശോധനയിൽ മയക്ക് മരുന്നുമായി
രണ്ട് യുവാക്കൾ പിടിയിൽ. ഇന്നലെ പുലർച്ചെ എരഞ്ഞോളി പാലത്തിനടത്തുവെച്ച് എസ്.ഐ. വി.വി.ദീപ്തിയും സംഘവും നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷാഡ്രൈവർ കണ്ണവം ശിവജി നഗറിലെ ആമിനാസിൽ കെ.വി.സഹീറിനെ (37) 26 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റുചെയ്തു. ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന ഈയാളെ കൂത്ത് പറമ്പ് ഭാഗത്ത് നിന്നും തലശ്ശേരിയിലേക്ക് വരുമ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്.കതിരൂർ പല്ലോട് നള്ളച്ചേരി മുക്കിലെ പുതിയ കണ്ടിയിൽ ഷാഹുലിനെ (28) വീട്ടിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എ.യുമായി കതിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കതിരൂർ എസ്.ഐ. ഡോണിയും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളെ ഇന്ന് നർക്കോട്ടിക് കോടതി മുമ്പാകെ ഹാജരാക്കും.