പഴയങ്ങാടി:കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. കനത്ത മഴയിൽ ഇന്നലെ പുലർച്ചയോടെയാണ് മതിൽ ഇടിഞ്ഞു വീണത്. ആശുപത്രിയുടെ പ്രവേശന കവാടത്തിനരികിൽ നിരവധി വാഹനങ്ങളും രോഗികളും കടന്നുപോകുന്ന ഭാഗത്തുള്ള മതിലിന്റെ ഒരു ഭാഗമാണ് നിലംപൊത്തിയത്. മതിലിന്റെ മറ്റു ഭാഗങ്ങളും വീഴുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മതിലിന്റെ പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്.ചുറ്റുമതിലിനോട് ചേർന്നുള്ള വൻമരങ്ങളുടെ വേരുകൾ താഴ്ന്നിറങ്ങിയതാണ് മതിൽ തകരുവാനുള്ള പ്രധാന കാരണം. സുരക്ഷ മുൻകരുതൽ എന്ന നിലയിൽ മതിലിനോട് ചേർന്നുള്ള മരങ്ങൾ മുറിച്ചു മാറ്റുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ പറഞ്ഞു.