mao

ഇരിട്ടി: ആറളം അയ്യൻകുന്ന് മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലയിൽ തണ്ടർബോൾട്ടിന്റെയും ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പരിശോധന നടത്തി . മാനന്തവാടി മക്കിമലയിൽ വനമേഖലയോട് ചേർന്ന ഭാഗത്ത് കുഴിബോബ് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. ആറളം അയ്യൻകുന്ന് വനാതിർത്തിയിൽ നേരത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയിലായിരുന്നു സംഘം എത്തിയത് .

പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു. നേരത്തെ മാവോവാദി സാന്നിദ്ധ്യം കണ്ടെത്തിയ അയ്യൻകുന്ന് പഞ്ചായത്തിലെ കളിത്തട്ടുംപാറ , മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഉരുപ്പുംകുറ്റി മേഖല,​ എന്നിവയ്ക്ക് പുറമെ ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സംഘം പരിശോധിച്ചു. പലതവണകളായി മാവോവാദികൾ എത്തിയ വീടുകളും പരിസരങ്ങളും പരിശോധിച്ചു.
മാവോവാദികളുടെ സ്ഥിരം സഞ്ചാര പാതകളിൽ സ്‌ഫോടക വസ്തുക്കളും മറ്റും ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയുന്നതിന് വേണ്ടിയാണ് ബോംബ് സ്‌ക്വാഡ് , ഡോഗ് സ്‌ക്വാഡുകളുടെ സഹായം തേടിയത്. ആറളം , കരിക്കോട്ടക്കരി സ്റ്റേഷനുകളിലെ പൊലീസും തിരച്ചിലിൽ പങ്കാളികളായി.