daily
പുഴയിലേക്ക് മാലിന്യം തള്ളിയ നിലയിൽ

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് വെണ്ടൊട് നഴ്സിംഗ് കോളേജിന് സമീപം മാലിന്യം ചാക്കിൽക്കെട്ടി പുഴയിൽ തള്ളിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് അറവുശാല മാലിന്യം പുഴയിൽ കണ്ടെത്തിയത്. അറവ് മാലിന്യങ്ങൾ ഇവിടെ പുഴയിൽ നിക്ഷേപിക്കുന്നത് പതിവാണ്. പരാതി നൽകിയാലും പഞ്ചായത്ത് വേണ്ടത്ര ഗൗരവം കാണിക്കാറില്ലെന്നും പറയുന്നു.

പഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെട്ട പാറപ്പുറം, കുളിത്തറ, നെടുവാട്ട് തണ്ണീർത്തടത്തിലും റോഡരികിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമായി കോൺക്രീറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. മഴക്കാലങ്ങളിൽ ജലനിരപ്പ് ഉയരുന്ന പ്രദേശമായത് കൊണ്ട് മാലിന്യങ്ങൾ ഒഴുകി സമീപത്തുള്ള കിണറുകളും മറ്റും മലിനമാകുകയാണ്. സമീപവാസികൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാണെന്നും പരാതിയുണ്ട്.

കൂടാതെ മദ്യകുപ്പികളടക്കം കൃഷിയിടങ്ങളിൽ നിക്ഷേപിക്കുന്നതും കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനോടൊപ്പം പഞ്ചായത്തിന്റെ സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.