രാജഗിരിയിൽ നിരവധി കുടുംബങ്ങൾ ആശങ്കയിൽ
ചെറുപുഴ: രാജഗിരി ക്വാറിയിൽ നിന്നുള്ള മണ്ണ് രാജഗിരി - ജോസ്ഗിരി പി.ഡബ്ഡള്യു.ഡി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് വലിയ ഭീഷണിയായി. മഴ കൂടുതൽ ശക്തമാകുമ്പോൾ മണ്ണൊലിച്ച് താഴേയ്ക്ക് പതിക്കുമെന്നും ഇത് രാജഗിരി ടൗണിനും കരിങ്കൽ ക്വാറിയ്ക്ക് താഴെ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്കും ഭീഷണിയാണെന്നും പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് വൻ ദുരന്തത്തിന് കാരണമാകുമെന്നും ഇവർ ഓർമ്മപ്പെടുത്തുന്നു.
പ്രദേശവാസികൾ ഇത് സംബന്ധിച്ച് നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. ഇതേതുടർന്ന് ചെറുപുഴ പഞ്ചായത്ത് അധികൃതർ കളക്ടറെ നേരിൽ കണ്ട് പരാതി നൽകി. പിന്നീട് രാജഗിരി - ജോസ്ഗിരി റോഡ് തകർന്നതിനേക്കുറിച്ചും പരാതി അയച്ചു. പരാതിയിൽ ആർ.ഡി.ഒ. റവന്യൂ അധികൃതരോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
ക്വാറി പ്രവർത്തിക്കുന്ന വാർഡിന്റെ മെമ്പർ ഷാന്റി കലാധരൻ മണ്ണൊലിപ്പ് വിഷയം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അധികൃതർ ഇന്നലെ ക്വാറി പ്രദേശം സന്ദർശിക്കുകയും ചെയ്തു. ശക്തമായ മഴയിൽ മണ്ണൊലിപ്പ് ഉണ്ടാകാമെന്നും ഇത് അപകടകരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ബാലകൃഷ്ണൻ, ഷാന്റി കലാധരൻ, പഞ്ചായത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.