doors

പിലാത്തറ: മണ്ടൂർ കോക്കാട് ബസ് സ്‌റ്റോപ്പിന് സമീപത്തെ ഇട്ടമ്മൽ ത്വാഹയുടെ വീട്ടിൽ മോഷണശ്രമം. വീടിന്റെ മുൻവശത്തേയും അകത്തെ മുറികളുടെയും അഞ്ച് വാതിലുകൾ മോഷ്ടാക്കൾ കുത്തിപ്പൊളിച്ചെങ്കിലും വീട്ടിൽ വിലപിടിച്ചതൊന്നും സൂക്ഷിച്ചിരുന്നില്ല. മുറികളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. ത്വാഹയും കുടുംബവും തിങ്കളാഴ്ച ഗൾഫിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കളാണ് മോഷണശ്രമം നടന്നതായി കണ്ടത്. കുടുംബസമേതം ഗൾഫിലായിരുന്ന ത്വാഹ ഭാര്യയുടെ ഉമ്മ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു. ഒരാഴ്ച്ചയോളം ഇവിടെ താമസിച്ച ശേഷമാണ് തിരിച്ചു പോയത്. വാതിലുകൾ തകർത്തതിൽ മാത്രം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.